loksabha

ന്യൂഡൽഹി: വൈദ്യുത വിതരണമേഖലയിൽ സ്വകാര്യ കമ്പനികൾക്കും അവസരം നൽകുന്ന ബില്ല് കേന്ദ്രസർക്കാർ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. കർഷക സംഘടനകളും പ്രതിപക്ഷവും ശക്തമായി എതിർപ്പ് തുടരുന്നതിനിടെയാണ് കേന്ദ്രത്തിന്റെ തീരുമാനം.

ഇതിലൂടെ സ്വകാര്യ കമ്പനികൾക്ക് വൻ ലാഭമുണ്ടാകുമെന്നും കർഷകർക്കും സാധാരണക്കാർക്കുമുള്ള വൈദ്യുതിനിരക്ക് വർദ്ധിക്കുമെന്നുമാണ് വിമർശനം ഉയരുന്നത്. എന്നാൽ ഊർജമേഖലയിൽ മത്സരക്ഷമത കൊണ്ടുവരാനും ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള വിതരണക്കമ്പനികളെ തിരഞ്ഞെടുക്കാനും അവസരമുണ്ടാക്കുമെന്നുമാണ് സർക്കാരിന്റെ വാദം. വൈദ്യുതി ഉൽപാദനം, പ്രസരണം, വിതരണം, വിൽക്കൽ വാങ്ങലുകൾ എന്നിവ സംബന്ധിച്ച നിയമങ്ങളെ ഏകീകരിക്കാനായി കൊണ്ടുവന്ന 2003ലെ വൈദ്യുതിനിയമത്തിൽ ഭേദഗതി വരുത്താനാണ് ബിൽ കൊണ്ടുവരുന്നത്. കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഹരിതോർജത്തിന് പ്രാധാന്യം നൽകണമെന്നും സർക്കാർ പറയുന്നു. ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള വിതരണക്കാരിൽനിന്ന് വൈദ്യുതി വാങ്ങാമെന്നും സർക്കാർ അവകാശപ്പെടുന്നു.

അതേസമയം, കർഷകസമരത്തിലെ ആവശ്യങ്ങളിലൊന്ന് ഈ ബില്ലുമായി മുന്നോട്ടുപോകരുതെന്നായിരുന്നു. ബന്ധപ്പെട്ട സംഘടനകളുമായി ചർച്ച ചെയ്യാതെ ബില്ലവതരിപ്പിക്കില്ലെന്ന് സർക്കാർ എഴുതിനൽകിയെങ്കിലും ഉറപ്പ് പാലിച്ചില്ലെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ ആരോപണം. ബില്ലവതരിപ്പിച്ചാലുടൻ രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തു. ബിൽ അവതരിപ്പിക്കരുതെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ പവർ എൻജിനിയേഴ്‌സ് ഫെഡറേഷൻ ഊർജമന്ത്രി ആർ കെ സിംഗിനും സംസ്ഥാന മുഖ്യമന്ത്രിമാർക്കും കത്തെഴുതിയിരുന്നു.