noida

ലക്‌നൗ: സ്ത്രീയെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്ത ബിജെപി പ്രവർത്തകന്റെ വീട് പൊളിച്ച് അധികൃതർ. ഉത്തർപ്രദേശ് നോയിഡയിലെ ബിജെപി പ്രവർത്തകനായ ശ്രീകാന്ത് ത്യാഗിയുടെ വീട്ടിലെ അനധികൃത കയ്യേറ്റമാണ് നോയിഡ ഭരണകൂടം പൊളിച്ചുമാറ്റിയത്. അനധികൃത കയ്യേറ്റവുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ ശ്രീകാന്ത് അയൽവാസിയായ സ്ത്രീയോട് അപകീർത്തികരമായ രീതിയിൽ സംസാരിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു.

നോയിഡ പൊലീസിന്റെ നേതൃത്വത്തിൽ നോയിഡയിലെ സെക്ടർ 93യിലുള്ള ഗ്രാൻഡ് ഒമേക്‌സ് ഹൗസിംഗ് കോളനിയിലെ ശ്രീകാന്തിന്റെ അപ്പാർട്ട്‌മെന്റിലെ അനധികൃത കയ്യേറ്റം ബുൾഡോസർ ഉപയോഗിച്ചാണ് പൊളിച്ചുമാറ്റിയത്.

#WATCH | Uttar Pradesh: Noida administration demolishes the illegal construction at the residence of #ShrikantTyagi, at Grand Omaxe in Noida's Sector 93.

Tyagi, in a viral video, was seen abusing and assaulting a woman here in the residential society. pic.twitter.com/YirMljembh

— ANI UP/Uttarakhand (@ANINewsUP) August 8, 2022

സൊസൈറ്റിയിലെ പാർക്ക് അനധികൃതമായി കയ്യേറിയ ശ്രീകാന്തിന്റെ നടപടിയിൽ പ്രതിഷേധിച്ച പ്രദേശത്തെ മറ്റ് താമസക്കാ‌ർ 2019ൽ നോയിഡയിലെ അധികൃതർക്ക് പരാതി നൽകിയിരുന്നു. പിന്നാലെ 2020ൽ അധികൃതർ ശ്രീകാന്തിന് നോട്ടീസ് അയക്കുകയും ചെയ്തു. എന്നാൽ തന്റെ സ്വാധീനം ഉപയോഗിച്ച് ശ്രീകാന്ത് നടപടിയെ ചെറുത്തു.

തർക്കം നിലനിൽക്കുന്നതിനിടെ കഴിഞ്ഞയാഴ്ച ശ്രീകാന്ത് കുറച്ച് മരങ്ങൾ നടാൻ ശ്രമിച്ചത് അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി അയൽക്കാരിയായ സ്ത്രീ പരാതിപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായ ശ്രീകാന്ത് സ്ത്രീയെ അധിക്ഷേപിക്കുകയും അപകീർത്തിപരമായി സംസാരിക്കുകയും ചെയ്തു. ഇത് എതിർത്ത സ്ത്രീയെ ഇയാൾ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സ്ത്രീയുടെ ഭർത്താവിനെതിരെയും ശ്രീകാന്ത് ആക്ഷേപങ്ങൾ ഉന്നയിച്ചു. ഇതിന് പിന്നാലെയാണ് പൊലീസിന്റെ നേതൃത്വത്തിൽ ശ്രീകാന്തിന്റെ അനധികൃത കയ്യേറ്റം പൊളിച്ചുമാറ്റിയത്.

ശ്രീകാന്ത് ത്യാഗി ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അതേസമയം, ശ്രീകാന്ത് ത്യാഗി പാർട്ടി അംഗമല്ലെന്നാണ് നേതൃത്വം വ്യക്തമാക്കിയത്.