pakistan

മുംബയ്: രാജ്യത്തെ ഞെട്ടിച്ച മുംബയ് ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക് ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കാൻ അനുവാദം നൽകിയിട്ടില്ല. എട്ട് പാക് താരങ്ങളാണ് ഇതുവരെ ഐ.പി.എല്ലിൽ കളിച്ചിട്ടുള്ളത്. ഷാഹിദ് അഫ്രീദി, ഷോയിബ് അക്തർ, കമ്രാൻ അക്മൽ, സൊഹൈൽ തൻവീർ തുടങ്ങിയ എട്ട് താരങ്ങൾ പ്രഥമ സീസണിൽ കളിച്ചു. പിന്നീട് ഇന്ത്യ– പാകിസ്ഥാൻ പരമ്പരകളും നടക്കാതെയായി.

ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇന്ത്യ– പാകിസ്ഥാൻ മത്സരം കാണാനാകുന്നത്. ലോകത്തിൽ ഏറ്റവും പണമൊഴുകുന്ന ലീഗുകളിലൊന്നായ ഐ.പി.എല്ലിൽ കളിക്കാനാകാത്തത് സാമ്പത്തിക പരമായി പാക് താരങ്ങൾക്ക് തിരിച്ചടിയാണ്.

ഇപ്പോഴിതാ സി.എസ്.എ, യു.എ.ഇ ടി20 ലീഗുകളിലും പാക് താരങ്ങൾക്ക് കളിക്കാനാകില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഐ.പി.എല്ലിലെ ടീമുകളുടെ ഉടമകൾ യു.എ.ഇയിലേയും ദക്ഷിണാഫ്രിക്കയിലേയും ലീഗുകളിൽ കളിക്കേണ്ട ടീമുകളെ സ്വന്തമാക്കിയതാണ് പാക് താരങ്ങൾക്ക് തിരിച്ചടിയായത്.

പാകിസ്ഥാനിൽ നിന്നുള്ള താരങ്ങളോട് ഉടമകൾക്ക് താൽപര്യമില്ലെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഐ‌.പി‌.എൽ ടീം ഉടമകൾ ഇന്ത്യൻ ആരാധകരിൽ നിന്നുള്ള പ്രതികരണത്തെ ഭയക്കുന്നതിനാലാണ് ഇത്തരമൊരു നീക്കമെന്നാണ് വിവരങ്ങൾ. മികച്ച താരങ്ങളായ ബാബർ അസം, ഷഹീൻ ഷാ അഫ്രീദി, മുഹമ്മദ് റിസ്വാൻ എന്നിവരടക്കം പുറത്തിരിക്കേണ്ടി വരും.

'ഞങ്ങൾക്ക് പാകിസ്ഥാൻ കളിക്കാരെ ആവശ്യമില്ല. എൻ‌.ഒ‌സി.ക്കായി ബോർഡുമായി ചർച്ച നടത്തുന്നത് ബുദ്ധിമുട്ടാണ്. ഇന്ത്യയിൽ നിന്നുള്ള തിരിച്ചടിയാണ് മറ്റൊന്ന്. പാകിസ്ഥാൻ കളിക്കാർ ഞങ്ങൾക്ക് വേണ്ടി കളിച്ചാൽ ഒരു ഇന്ത്യൻ ആരാധകരും സന്തോഷിക്കുമെന്ന് ഞാൻ കരുതുന്നില്ല'- യു.എ.ഇയിലെയും ദക്ഷിണാഫ്രിക്കൻ ലീഗുകളിലെയും ടീമുകളുള്ള ഫ്രാഞ്ചൈസിയുടെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം, വിദേശ ടൂർണമെന്റുകളിൽ കളിക്കാൻ ഇന്ത്യയിലെ താരങ്ങൾക്ക് ബി.സി.സി.ഐ അനുമതി നൽകിയിട്ടില്ല. കരാറില്ലാത്ത ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ വിദേശ ടൂർണമെന്റുകളിൽ കളിക്കാൻ അനുവദിക്കണമെന്ന് ഇന്ത്യൻ ഫ്രാഞ്ചൈസികൾ ബിസിസിഐയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.