pinarayi-vijayan

തിരുവനന്തപുരം: നിരോധിത സാറ്റലൈറ്റ് ഫോണുമായി 2017ൽ നെടുമ്പാശേരിയിൽ പിടിയിലായ യുഎഇ പൗരനെ കുറ്റവിമുക്തനാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടെന്ന ആരോപണവുമുമായി സ്വപ്ന സുരേഷ്. നിരോധിത ഫോൺ കൈവശം വെച്ചു എന്നതിന് സിഐഎസ്എഫ് ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തെങ്കിലും കോടതിയിൽ നിന്ന് ഇയാൾക്ക് ജാമ്യം കിട്ടി. ഇതിനായി ശിവശങ്കറും മുഖ്യമന്ത്രിയും ഇടപെടൽ നടത്തി എന്നാണ് സ്വപ്‌നയുടെ ആരോപണം.

സ്വപ്‌ന സുരേഷിന്റെ വാക്കുകൾ-

'ഒരു യുഎഇ പൗരൻ പിടിക്കപ്പെട്ടുവെന്ന് പറഞ്ഞ് കോൺസുലേറ്റിൽ കോൾ വന്നു. നെടുമ്പാശ്ശേരി പൊലീസിന്റെ കൈയിലാണ് ഇയാൾ എന്നായിരുന്നു വിവരം. കോൺസുൽ ജനറൽ ഉടൻ എന്നെ വിളിച്ച് ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കണമെന്ന് പറഞ്ഞു. കാരണം, ഇത്തരം സംഭവങ്ങൾ നടന്നാൽ ഉടൻ മുഖ്യമന്ത്രിയെ വിവരം അറിയിക്കണമെന്ന് നേരത്തെ ഞങ്ങൾക്ക് അദ്ദേഹത്തിന്റെ നിർദേശമുണ്ടായിരുന്നു. തുടർന്ന് ശിവശങ്കർ സാറിനെ വിളിക്കുകയും, 10 മിനിട്ടിനുള്ളിൽ സാർ തിരിച്ച് വിളിച്ച് പി ആർ ഒയെ അങ്ങോട്ടേയ‌്ക്ക് അയക്കാൻ ആവശ്യപ്പെട്ടു.

പിടിയിലായ ആൾ ഈജിപ്‌ത് പൗരനായിരുന്നു. അബുദാബിയിൽ നിന്ന് കോഴിക്കോട്ട് വന്ന് അവിടെ നിന്നും രക്ഷപ്പെടാനായിരുന്നു അയാളുടെ പദ്ധതി. രണ്ട് ദിവസം പൊലീസിന്റെ സേഫ് കസ്‌റ്റഡിയിൽ പാർപ്പിച്ച ശേഷം തുടരന്വേഷണമൊന്നുമില്ലാതെ വെറുതെ വിടുകയായിരുന്നു'. കേരളത്തിലുണ്ടായിരുന്ന ദിവസങ്ങളിൽ അയാൾ ഇവിടെ എന്താണ് ചെയ്‌തതെന്ന് അറിയില്ലെന്നും, അതേക്കുറിച്ച് അന്വേഷണമൊ്നും നടന്നിട്ടില്ലെന്നും സ്വപ്‌ന പറഞ്ഞു.