
ബർമ്മിംഗ്ഹാമിൽ 22-ാമത് കോമൺവെൽത്ത് ഗെയിംസിന് തിരശീല വീഴുമ്പോൾ ഇന്ത്യയ്ക്ക്, പ്രത്യേകിച്ച് കേരളത്തിന് അഭിമാനിക്കാൻ ഏറെയുണ്ട്. അതിൽ ഏറ്റവും പ്രധാനം കഴിഞ്ഞ ദിവസം ട്രിപ്പിൾ ജമ്പിൽ മലയാളികളായ എൽദോസ് പോളും അബ്ദുള്ള അബൂബക്കറും സ്വർണവും വെള്ളിയും നേടിയതാണ്. ചരിത്രത്തിലാദ്യമായാണ് ഒരു മലയാളിതാരം കോമൺവെൽത്ത് ഗെയിംസ് അത്‌ലറ്റിക്സിലെ വ്യക്തിഗതഇനത്തിൽ സ്വർണം നേടുന്നത്. ഒരേയിനത്തിൽ മലയാളിതാരങ്ങൾ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുന്നതും ആദ്യമാണ്.
ബർമ്മിംഗ്ഹാമിൽ 17.03 മീറ്റർ ചാടിയാണ് എറണാകുളം കോലഞ്ചേരി സ്വദേശിയായ എൽദോസ് പോൾ എന്ന 25 കാരൻ ട്രിപ്പിൾജമ്പ് സ്വർണത്തിൽ മുത്തമിട്ടത്. എൽദോസിൽ ഒരു മെഡൽ പ്രതീക്ഷിച്ചിരുന്നെങ്കിലും സ്വർണം സ്വപ്നത്തിനപ്പുറമായിരുന്നു. തന്റെ മൂന്നാമത്തെ ശ്രമത്തിൽ എൽദോസ് 17.03 മീറ്റർ താണ്ടിയതോടെ ഇന്ത്യൻ ആരാധകർ ആവേശത്തിലായി. അഞ്ചാം ശ്രമത്തിൽ അബ്ദുള്ള 17.02 മീറ്റർ ചാടി എൽദോസിന് ഒരു സെന്റീമീറ്റർ അകലെ രണ്ടാംസ്ഥാനത്തെത്തുകകൂടി ചെയ്തതോടെ ആവേശം പരകോടിയിലായി. ഈയിനത്തിലെ മറ്റൊരു ഇന്ത്യൻതാരം പ്രവീൺ ചിത്രവേലിന് മൂന്ന് സെന്റീമീറ്റർ വ്യത്യാസത്തിൽ മൂന്നാംസ്ഥാനം നഷ്ടമായിരുന്നില്ലെങ്കിൽ അലക്സാണ്ടർ സ്റ്റേഡിയത്തിൽ മറ്റൊരു ചരിത്രമുഹൂർത്തം കൂടി പിറന്നേനെ.
2021 ആഗസ്റ്റ് ഏഴിന് ടോക്യോ ഒളിമ്പിക്സിൽ നീരജ് ചോപ്ര സ്വർണമെഡലിൽ മുത്തമിട്ടതിന്റെ വാർഷിക ദിനത്തിലാണ് എൽദോസും അബ്ദുള്ളയും പൊന്നും വെള്ളിയും നേടിയത്. നീരജ് ടോക്യോയിൽ തുടക്കമിട്ട മെഡൽവേട്ടയുടെ തുടർച്ചയാണ് ബർമ്മിംഗ്ഹാമിൽ കണ്ടത്. നീരജിന്റെ മെഡൽവാർഷികം രാജ്യം ജാവലിൻ ഡേ ആയി ആഘോഷിച്ച ദിവസം കോമൺ വെൽത്ത്ഗെയിംസിൽ വനിതാ ജാവലിൻ ത്രോയിൽ മെഡൽനേടുന്ന ആദ്യ ഇന്ത്യൻ വനിതയായി അന്നുറാണി വെങ്കലം ചാർത്തി.
ആറ് മെഡലുകളിലാണ് ഇക്കുറി മലയാളി സ്പർശമുണ്ടായത്. അതിൽ രണ്ടെണ്ണം നേടിയത് ബാഡ്മിന്റൺ താരം ട്രീസ ജോളിയാണ്.മിക്സഡ് ടീം ഇവന്റിലെ വെള്ളിയായിരുന്നു കണ്ണൂർ സ്വദേശിനിയായ ട്രീസയുടെ ആദ്യ മെഡൽ. പിന്നാലെ വനിതാ ഡബിൾസിലെ വെങ്കലവുമണിഞ്ഞു. ലോംഗ്ജമ്പിൽ ശ്രീശങ്കർ നേടിയ വെള്ളിമെഡലിനും തിളക്കമേറെയാണ്. ഒറ്റച്ചാട്ടംകൊണ്ട് യോഗ്യതാ റൗണ്ട് കടന്ന ശ്രീശങ്കർ ഫൈനലിലെ ആദ്യ നാലുശ്രമങ്ങൾ പിന്നിടുമ്പോൾ അഞ്ചാം സ്ഥാനത്തായിരുന്നു.എന്നാൽ അഞ്ചാം ശ്രമത്തിലെ 8.08 മീറ്റർ ചാട്ടത്തിലൂടെ ശ്രീശങ്കർ രണ്ടാംസ്ഥാനത്തേക്ക് കുതിച്ചുയർന്നു. സ്ക്വാഷ് മിക്സഡ് ഡബിൾസിൽ തന്റെ സഹോദരീ ഭർത്താവ് സൗരവ് ഘോഷാലിനാെപ്പം വെങ്കലം നേടിയ ദീപിക പള്ളിക്കലാണ് മെഡൽപ്പട്ടികയിലെ മറ്റൊരു മലയാളിത്തിളക്കം.
മൂന്ന് മലയാളി മെഡലുകൾ കേരളത്തിന്റെ അത്‌ലറ്റിക്സ് രംഗത്തിന് പകരുന്നത് പുത്തനുണർവാണ്. ഒളിമ്പ്യൻ സുരേഷ് ബാബുവും ടി.സി യോഹന്നാനും രഞ്ജിത്ത് മഹേശ്വരിയും അഞ്ജു ബോബി ജോർജും എം.എ പ്രജുഷയും നീന പിന്റോയുമൊക്കെ അന്താരാഷ്ട്ര ജമ്പിംഗ് പിറ്റുകളിൽ സൃഷ്ടിച്ച മെഡൽത്തിളക്കങ്ങളുടെ പിന്മുറക്കാരാണ് എൽദോസും അബ്ദുള്ളയും ശ്രീശങ്കറും. സമീപവർഷങ്ങളിൽ അത്‌ലറ്റിക്സിൽ ജൂനിയർതലം മുതൽ കേരളത്തിന് പഴയ പ്രാമുഖ്യമില്ലെന്നത് യാഥാർത്ഥ്യമാണ്. ആ തിരിച്ചടികളിൽ നിന്ന് കരകയറാൻ ഈ മെഡലുകൾ പ്രചോദനം പകരുമെന്ന് പ്രത്യാശിക്കാം.
മുൻ കോമൺവെൽത്ത് ഗെയിംസുകളിൽ ഇന്ത്യയ്ക്ക് നിരവധി മെഡലുകൾ നേടിത്തന്ന ഷൂട്ടിംഗ് ബർമ്മിംഗ്ഹാമിൽ മത്സര ഇനമായിരുന്നില്ല. ആകെ മെഡലുകളിൽ ഇതിന്റെ കുറവ് പ്രതിഫലിക്കുന്നുണ്ടെങ്കിലും വെയ്റ്റ് ലിഫ്ടിംഗ്, അത്‌ലറ്റിക്സ്,ബോക്സിംഗ്, റെസ്‌ലിംഗ്, ബാഡ്മിന്റൺ തുടങ്ങിയ ഇനങ്ങളിലെ മികച്ച പ്രകടനം അഭിമാനം പകരുന്നു. കായികമാമാങ്കത്തിൽ രാജ്യത്തിന്റെ അഭിമാനമുയർത്തിയ എല്ലാവർക്കും അഭിനന്ദനങ്ങൾ.