pv-sindhu

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ കുതിപ്പ് തുടരുന്നു. ബാഡ്‌മിന്റൺ സിംഗിൾസിൽ ഇന്ത്യയുടെ പി.വി സിന്ധുവിന് സ്വർണം. ഫെെനലിൽ കനേഡിയൻ താരത്തെയാണ് സിന്ധു പരാജയപ്പെടുത്തിയത്. കാനഡയുടെ മിഷേൽ ലിയെ 21-15, 21-13 എന്ന സ്‌കോറിനാണ് സിന്ധു തോൽപ്പിച്ചത്.

കോമൺവെൽത്ത് ഗെയിംസിൽ താരത്തിന്റെ ആദ്യ വ്യക്തിഗത സ്വർണമാണിത്. ഇതോടെ ഗെയിംസിൽ താരത്തിന്റെ ആകെ മെഡൽ നേട്ടം അഞ്ചായി. 2014ൽ വെങ്കലവും 2018ൽ വെള്ളിയും നേടിയിട്ടുണ്ട്. പരിക്കിനെ അതിജീവിച്ചാണ് സിന്ധു ഫെെനൽ മത്സരത്തിനിറങ്ങിയത്.

സിംഗപ്പൂർ താരം ജിയ മിൻ യോയെ പരാജയപ്പെടുത്തിയാണ് സിന്ധു ഫെെനലിൽ കടന്നത്. 21-19, 21-17 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ സെമിയിലെ വി‌ജയം. സിന്ധുവിന്റെ മെ‌ഡൽ നേട്ടത്തോടെ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്തെത്തി.

ഇന്ത്യയ്ക്ക് ആകെ 19 സ്വർണമാണ് ഉള്ളത്. ന്യൂസിലാന്റിനും 19 സ്വ‌ർണമെഡലുകൾ ഉണ്ടെങ്കിലും കൂടുതൽ മെഡലുകൾ നേടിയത് ഇന്ത്യയാണ്. നാല് സ്വർണമെഡൽ മത്സരങ്ങൾ ഇന്ത്യയ്ക്ക് ഇനി ബാക്കിയുണ്ട്.