fahad-fazil

യഷ് നായകനായ കെ ജി എഫ് രണ്ടാം ഭാഗത്തിന്റെ വമ്പൻ വിജയത്തിന് പിന്നാലെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മൂന്നാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകൻ പ്രശാന്ത് നീലും സൂചന നൽകിയിരുന്നു. ഒക്ടോബറിൽ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് കെജിഎഫിന്റെ നിർമാതാവ് വിജയ് കിരാഗണ്ടൂർ കഴിഞ്ഞ മാസം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മലയാളി ആരാധകർക്ക് ഒരു സന്തോഷവാർത്തയുടെ സൂചന നൽകിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാണ കമ്പനിയായ ഹോംബേൽ ഫിലിംസ്.

ചിത്രത്തിന്റെ മൂന്നാം ഭാഗത്തിൽ ഫഹദ് ഫാസിൽ ഉണ്ടായേക്കുമെന്ന സൂചനയാണ് കമ്പനി നൽകുന്നത്. താരത്തിന്റെ പിറന്നാളാണ് ഇന്ന്. ഹോംബേൽ ഫിലിംസിന്റെ ജന്മദിന ആശംസകളാണ് ഇതിന്റെ സൂചന നൽകുന്നത്. ചുറ്റുപാടിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രങ്ങൾ ഖനനം ചെയ്യുന്ന, അതിശയകരമായ പ്രകടനത്തിലൂടെ അമ്പരപ്പിക്കുന്ന, 'മെത്തേഡ് ആക്ടിംഗിന്റെ' രാജാവിന് ആശംസകൾ എന്നാണ് നിർമാതാക്കൾ സമൂഹമാദ്ധ്യമത്തിൽ കുറിച്ചിരിക്കുന്നത്.

View this post on Instagram

A post shared by Hombale Films (@hombalefilms)

അതേസമയം, കെജിഎഫ് മൂന്നാം ഭാഗത്തിന്റെ തിരക്കഥ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം. 2024ൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് നിർമാതാവ് അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നു. മാർവെൽ സിനിമകൾ പോലെ യൂണിവേഴ്സ് ഒരുക്കാനുള്ള ഒരുക്കത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരെന്നും വിവരമുണ്ട്.

ഒന്നാം ഭാഗത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ഏപ്രിൽ 2022ന് തിയേറ്ററിലെത്തിയ രണ്ടാം ഭാഗം 500 കോടിയിലേറെ കളക്ഷൻ നേടിയിരുന്നു. ശ്രീനിധി ഷെട്ടി, പ്രകാശ് രാജ്, ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്ത്, രവീണ ടണ്ഡൻ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. രണ്ടാം ഭാഗത്തിൽ നായികയായ ശ്രീനിധിയുടെ കഥാപാത്രം കൊല്ലപ്പെട്ടതിനാൽ മൂന്നാം ഭാഗത്തിൽ നായികയാകാൻ ബോളിവുഡ് താരങ്ങൾ ആഗ്രഹം പ്രകടിപ്പിച്ചതായുള്ള വാർത്തകളും പുറത്തുവന്നിരുന്നു.