veena-george

തിരുവനന്തപുരം: അവയവദാനവുമായി ബന്ധപ്പെട്ട് സമഗ്ര പ്രോട്ടോകോള്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവയവദാന പ്രവര്‍ത്തനങ്ങള്‍ പ്രായോഗികമായി നടപ്പിലാക്കുന്നതിന് വേണ്ടിയാണ് പ്രോട്ടോകോള്‍ നവീകരിച്ച് സമഗ്രമാക്കുന്നത്. ജീവിച്ചിരിക്കുമ്പോഴുള്ള അവയവദാനവും മരണാനന്തര അവയവദാനവും ഈ പ്രോട്ടോകോളിന് കീഴില്‍ കൊണ്ടു വരുമെന്ന് മന്ത്രി വ്യക്തമാക്കി.

അവയവദാനം റിപ്പോര്‍ട്ട് ചെയ്യുന്നത് മുതല്‍ അവയവ വിന്യാസം, ശസ്ത്രക്രിയ, തുടര്‍ ചികിത്സ എന്നിവയില്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ കൊണ്ടു വരുമെന്നും മന്ത്രി പറഞ്ഞു. ഓരോരുത്തരുടേയും ഉത്തരവാദിത്തം നിശ്ചയിക്കുകയും അത് ഉറപ്പാക്കുകയും ചെയ്യും. ഇത് സംബന്ധിച്ച് രൂപീകരിക്കുന്ന കമ്മിറ്റി ഇത് ഉറപ്പാക്കണം. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷവും തുടര്‍ ചികിത്സ ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. അവയവദാനം ശക്തിപ്പെടുത്തുന്നതിന് വിളിച്ചുകൂട്ടിയ മെഡിക്കല്‍ കോളേജുകളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഓരോ മെഡിക്കല്‍ കോളേജും കൃത്യമായ അവലോകന യോഗം നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഒരു ടീം തന്നെ അവയവദാന പ്രക്രിയ പൂര്‍ത്തിയാക്കുന്നതിലെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ മറ്റൊരു ടീമിനെക്കൂടി സജ്ജമാക്കി നിയോഗിക്കണം. പരിശീലനം നേടിയ ആത്മാര്‍ത്ഥമായ സംഘത്തെ ഓരോ മെഡിക്കല്‍ കോളേജും സജ്ജമാക്കണം. ടീംവര്‍ക്ക് ഉണ്ടാകണം. കെ സോട്ടോ എന്തൊക്കെ ചെയ്യണമെന്ന് സംബന്ധിച്ചുള്ള ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കണം. ആശുപത്രികളില്‍ ഒരു ട്രാന്‍സ്പ്ലാന്റ് ടീമിനെ സജ്ജമാക്കണം. പത്ത് മുതല്‍ പതിനഞ്ച് വര്‍ഷത്തെ പരിചയമുള്ള ഫാക്വല്‍റ്റികളെ കൂടി അവയവദാന പ്രക്രിയയില്‍ പ്രാപ്തമാക്കി കൂടുതല്‍ ശസ്ത്രക്രിയകള്‍ നടത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, കെ. സോട്ടോ എക്‌സി. ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, മെഡിക്കല്‍ കോളേജ് സൂപ്രണ്ടുമാര്‍, വിവിധ വകുപ്പ് മേധാവികള്‍, യൂറോളജി ഫാക്വല്‍റ്റികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.