
സ്ത്രീകളിലും പെൺകുട്ടികളിലും സാധാരണ കാണപ്പെടുന്ന ആരോഗ്യപ്രശ്‌നമാണ് വിളർച്ച. ഇരുമ്പ് അടങ്ങിയ ഭക്ഷ്യവസ്‌തുക്കളുടെ ഉപയോഗമാണ് ഇതിനുള്ള പരിഹാരം. സസ്യസ്രോതസുകളെ അപേക്ഷിച്ച് മത്സ്യം ഉൾപ്പെടെയുള്ള മാംസഭക്ഷണങ്ങളിൽനിന്നുള്ള ഇരുമ്പിന്റെ ജൈവലഭ്യത വളരെ കൂടുതലാണ്. വിറ്റാമിൻ ബി12, ഫോളിക് ആസിഡ് എന്നിവയുടെ കുറവു മൂലവും വിളർച്ച സംഭവിക്കാം. ഇങ്ങനെ വരുമ്പോൾ മത്സ്യവിഭവങ്ങളുടെ ഉപയോഗം ഒരു ഉത്തമ പരിഹാരമാണ്.
അയഡിൻ, സിങ്ക് തുടങ്ങിയ ധാതുക്കളാൽ സമൃദ്ധമായ കക്ക, ചിപ്പി, ചെമ്മീൻ, ഞണ്ട് പോലുള്ള കടൽവിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ആരോഗ്യത്തിന് പ്രയോജനങ്ങളേറെയുണ്ട്. നല്ല മീൻ ശ്രദ്ധിച്ച് വാങ്ങണമെന്ന് മാത്രം. മത്സ്യങ്ങളിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുളളതിനാൽ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയെ സഹായിക്കും. രോഗപ്രതിരോധശേഷിയ്‌ക്കും മികച്ചതാണ്. വലിയ മീനുകളേക്കാൾ ചെറിയ മീനുകളാണ് ആരോഗ്യത്തിന് കൂടുതൽ ഗുണകരം.