sreekumar-51

ചവറ: ജോലിക്കിടയിൽ ഒരു കമുകിൽനിന്ന് മറ്റൊന്നിലേക്ക് ചാടുന്നതിനിടെ തൊഴിലാളി താഴെവീണ് ദാരുണമായി മരിച്ചു. തേവലക്കര പടിഞ്ഞാറ്റിൻകര കീരുവിള കിഴക്കതിൽ ശ്രീകുമാറാണ് (51) മരിച്ചത്. ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു അപകടം.

ശക്തികുളങ്ങര മള്ളേഴത്ത് കാവിന് സമീപം അടയ്ക്ക പറിക്കാൻ കയറിയ മരത്തിൽ നിന്ന് മറ്റൊന്നിലേക്ക് ചാടുന്നതിനിടെ മൂടുപിഴുത് മാറി. കമുക് ഇലക്ട്രിക്‌ ലൈനിൽ വീഴുന്നതിനിടെ ശ്രീകുമാർ ലൈൻ കമ്പിയിൽ തട്ടി കോൺക്രീറ്റ് റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ശ്രീകുമാറിനെ കൂടെ ജോലി ചെയ്തിരുന്ന രാധാകൃഷ്ണപിള്ള തോളിലേറ്റി ആക്ടിവ സ്കൂട്ടറിൽ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 20 വർഷമായി രാധാകൃഷ്ണനൊപ്പമാണ് ശ്രീകുമാർ ജോലി ചെയ്തിരുന്നത്. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം രാത്രി 8.30 ഓടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ജയശ്രീ. മക്കൾ: ശ്രീക്കുട്ടി, ശ്രീക്കുട്ടൻ.