arif-mohammad-khan

തിരുവനന്തപുരം: ലോകായുക്ത നിയമഭേഗതി ഉൾപ്പടെ പതിനൊന്ന് ഓർഡിനൻസുകളിൽ ഒപ്പിടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിസമ്മതിച്ചതോടെ അവ അസാധുവായി. ഇന്നലെ രാത്രി പന്ത്രണ്ട് മണിവരെയായിരുന്നു സാധുതയുണ്ടായിരുന്നത്. പിന്നാലെ ഒക്ടോബറിൽ പ്രത്യേക നിയമസഭാ സമ്മേളനം ചേർന്ന് ഓ‌ർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ നിയമമാക്കുമെന്ന് ചീഫ് സെക്രട്ടറി വി പി ജോയ് ഗവർണറെ അറിയിച്ചു. ഓർഡിനൻസുകൾ വരുന്നതിന് മുൻപ് ഉണ്ടായിരുന്ന നിയമങ്ങളായിരിക്കും ഇനി നിലനിൽക്കുക.

പൊതുപ്രവർത്തകരുടെ അഴിമതി തെളിഞ്ഞാൽ അവർ തൽസ്ഥാനത്ത് തുടരാൻ അർഹരല്ലെന്ന് വിധിക്കാനുള്ള ലോകായുക്തയുടെ അധികാരം എടുത്തുകളയുന്ന ഓർ‌ഡിനൻസ് അടക്കമാണ് കാലാവധി കഴിഞ്ഞതോടെ അസാധുവായത്. ലോകായുകത വിധിക്കുമേൽ മുഖ്യമന്ത്രിയ്ക്ക് അധികാരം നൽകുന്ന ഭേദഗതിയായിരുന്നു വരുത്തിയത്. ഓർഡിനൻസിന്റെ കാലാവധി കഴിഞ്ഞതോടെ ലോകായുക്തയ്ക്ക് അധികാരം പുനഃസ്ഥാപിച്ചുകിട്ടണമെന്ന വാദമുണ്ട്. ഓർഡിനൻസുകൾ വീണ്ടും ഇറക്കുന്നതിനുള്ള ഫയൽ ഓൺലൈനായി ഡൽഹിയിൽ ലഭ്യമാക്കാൻ രാജ്‌ഭവൻ തയ്യാറാക്കിയിരുന്നെങ്കിലും ഗവർണർ അനുകൂലമല്ലെന്ന് വ്യക്തമായതോടെ പിൻമാറുകയായിരുന്നു.

രാജ്ഭവൻ വഴിയും അല്ലാതെയും ഗവർണറെ അനുനയിപ്പിക്കാൻ നോക്കിയെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല.വി.സി. നിയമനങ്ങളില്‍ ചാന്‍സലറുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ കൊണ്ടുവരാന്‍ തീരുമാനിച്ചതാണ് ഗവര്‍ണറെ ചൊടിപ്പിച്ചതെന്നാണ് വിലയിരുത്തല്‍.