
തൊടുപുഴ: ലോക്ക്ഡൗണിൽ വീട്ടിലിരുന്ന് ഗവേഷണം നടത്തിയ തൊടുപുഴ ന്യൂമാൻ കോളേജിലെ വിദ്യാർത്ഥിനികൾ രണ്ട് ഛിന്ന ഗ്രഹങ്ങൾ കണ്ടെത്തി. കെ.എസ്. ശ്രുതിയും വി. വിജയലക്ഷ്മിയുമാണ് നാസയുടെ അംഗീകാരം ലഭിച്ച കണ്ടെത്തൽ നടത്തിയത്. ഛിന്നഗ്രഹങ്ങൾക്ക് 2021LW10, 2021RK60 എന്നീ പേരുകളും നൽകിയിട്ടുണ്ട്.
അന്താരാഷ്ട്ര ഛിന്നഗ്രഹ അന്വേഷണ കൂട്ടായ്മ (ഐ.എ.എസ്.സി) നാസയുടെ സഹായത്തോടെ വിദ്യാർത്ഥികൾക്കായി നടത്തിയ പ്രോജക്ടിന്റെ ഭാഗമായിരുന്നു ഗവേഷണം. ഹവായ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ലഭിച്ച ശൂന്യാകാശത്തിന്റെ ടെലസ്‌കോപ്പിക് ചിത്രങ്ങൾ വീട്ടിലിരുന്ന് പ്രത്യേക സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് വിശകലനം ചെയ്തായിരുന്നു കണ്ടുപിടിത്തം. കഴിഞ്ഞ വർഷം ജൂണിലും സെപ്തംബറിലുമായിരുന്നു ഇത്.
ഇവരുടെ റിപ്പോർട്ട് ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ മൈനർ പ്ലാനറ്റ് സെന്റർ അംഗീകരിച്ച് ഛിന്നഗ്രഹങ്ങൾക്ക് പേര് നൽകി. ഇനി ഇവയുടെ ഭ്രമണപഥം, വലിപ്പം, പ്രവേഗം, മറ്റ് സവിശേഷതകൾ എന്നിവ പഠിച്ച ശേഷം നാസ ആധികാരികമായി പേര് നൽകും. ന്യൂമാനിൽ ബി.എസ്‌സിക്ക് പഠിക്കുമ്പോഴായിരുന്നു ഗവേഷണം. കോളേജിലെ ഊർജ്ജതന്ത്ര വിഭാഗം മുൻ തലവനും പുനെയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ് അസോസിയേറ്റുമായ ഡോ. ജോ ജേക്കബ് ഇവർക്ക് മാർഗ്ഗനിർദ്ദേശം നൽകി.
രാജ്യത്ത് ഐ.യു.സി.എ.എ സ്ഥാപിച്ചിട്ടുള്ള 17 അസ്ട്രോണമി പഠനകേന്ദ്രങ്ങളിൽ ഒന്നാണ് ന്യൂമാൻ കോളേജ്. തൊടുപുഴ ഉടുമ്പന്നൂർ കുന്നുംപുറത്ത് കെ. സുരേഷിന്റെയും ഓമനയുടെയും മകളാണ് ശ്രുതി. വിജയലക്ഷ്മി കാരിക്കോട് രണ്ടുപാലം കരോട്ട്പാണ്ടിപ്പിള്ളിൽ വിജയകുമാരൻ നായരുടെയും ഗിരിജാ കുമാരിയുടെയും മകളും. ശ്രുതി ന്യൂമാനിൽ എം.എസ്‌സി ഫിസിക്സിന് ചേർന്നു. വിജയലക്ഷ്മി ചേരാനുള്ള തയ്യാറെടുപ്പിലും.
എന്താണ് ഛിന്നഗ്രഹങ്ങൾ
സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളേക്കാൾ വളരെ ചെറിയ ശിലാവസ്തുവാണ് ഛിന്നഗ്രഹം. ദൂരദർശിനികളിലൂടെ നോക്കുമ്പോൾ ഇവ ഒരുപ്രകാശ കേന്ദ്രമായാണ് കാണുക. ഭൂരിഭാഗം ഛിന്നഗ്രഹങ്ങളും സ്ഥിതിചെയ്യുന്നത് ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ആസ്റ്ററോയ്ഡ് ബെൽറ്റ് എന്നറിയപ്പെടുന്ന ഭ്രമണപഥത്തിലാണ്. ചിലതിന് ഭൂമിയിലെ ഒരു നഗരത്തോളം വലിപ്പമുണ്ടാവും. ഇവയിൽ ഭൂമിക്ക് ഭീഷണിയായി വരാൻ സാദ്ധ്യതയുള്ളവയെ കണ്ടെത്താനും പഠിക്കാനുമാണ് വിദ്യാർത്ഥികൾക്കായി ഇത്തരം പ്രോജക്ടുകൾ സംഘടിപ്പിക്കുന്നത്.