
മിക്കയാളുകൾക്കും വിവാഹ ദിനം വളരെയേറെ പ്രിയപ്പെട്ടതാണ്. വിവാഹച്ചടങ്ങിലെ മനോഹരമായ കാഴ്‌ചകൾ പകർത്താൻ എത്ര രൂപ വേണമെങ്കിലും ചെലവഴിക്കാൻ ആളുകൾ തയാറാണ്. എന്നാൽ ഈ ഫോട്ടോകളും വീഡിയോകളും കിട്ടാൻ ആഴ്‌ചകളോ മാസങ്ങളോ വേണ്ടിവരും. ഇപ്പോഴിതാ മികച്ച ഫോട്ടോഗ്രാഫി ടിപ്പുമായി എത്തിയിരിക്കുകയാണ് ഒരു വധു.
ടിക്ക് ടോക്ക് യൂസർ കൂടിയായ വിദേശ വനിതയാണ് 'ടിപ്പി'ന് പിന്നിൽ. കല്യാണത്തിന് സ്വന്തം ഫോൺ മറ്റാരുടെയെങ്കിലും കെെയിൽ കൊടുക്കണമെന്നാണ് ഇവർ പറയുന്നത്.

'കല്യാണം കഴിഞ്ഞ് രണ്ടോ മൂന്നോ മാസത്തേക്ക് വിവാഹ ഫോട്ടോകൾ നിങ്ങൾക്ക് ലഭിക്കില്ല. ഞാൻ എന്റെ ഫോൺ വിവാഹത്തിന്റെ സംഘാടകയെ ഏൽപ്പിച്ചു. വിവാഹ ദിവസം അവൾ എല്ലാം പകർത്തി. ഞാൻ തമാശ പറയുകയല്ല. ഭർത്താവും ഞാനും അടുത്ത ദിവസം രാവിലെ എന്റെ ഫോണിലൂടെ ഞങ്ങളുടെ വിവാഹദിനത്തിലെ വിശേഷങ്ങൾ മുഴുവനും കണ്ടു. വിവാഹത്തിന്റെ മുഴുവൻ ദൃശ്യങ്ങളും ഫോണിൽ പകർത്താൻ കഴിയുന്ന ഒരാളെ നിയമിക്കുന്നത് നല്ലതായിരിക്കും'- അനുഭവസ്ഥയായ വധു പറഞ്ഞു.
വധുവിന്റെ ടിപ്പിന് ഗംഭീര വരവേൽപ്പാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. ചിലർ വിവാഹിതരാകുന്ന ദമ്പതികൾക്ക് മറ്റ് ഫോട്ടോ ടിപ്പുകളും നൽകുന്നുണ്ട്.