nedumudi-venu

കമലഹാസൻ ചിത്രം ഇന്ത്യൻ 2വിൽ അന്തരിച്ച നടൻ നെടുമുടി വേണുവിന് പകരക്കാരനായി നന്ദു പൊതുവാൾ എത്തുന്നു. പ്രശസ്ത ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. മലയാള സിനിമയിൽ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് നന്ദു. നെടുമുടി വേണുവുമായി രൂപസാദൃശ്യമുള്ള നന്ദു ചിത്രത്തിലെ നടന്റെ കഥാപാത്രത്തിന്റെ ഭാഗങ്ങൾ പൂർത്തിയാക്കുമെന്നാണ് ട്വീറ്റിൽ പറയുന്നത്. ചിത്രത്തിലെ കുറച്ച് ഭാഗങ്ങൾ നെടുമുടി വേണു അഭിനയിച്ചിരുന്നു. ഇതിനിടെയായിരുന്നു വിയോഗം.

#Indian2 the late #NedumudiVenu had a crucial role in #Indian. He had also shot some scenes for #I2, before his untimely death. Now latest we hear is that Malayalam actor #NanduPoduval a look alike of Venu will complete the film! pic.twitter.com/36eHJuZcrA

— Sreedhar Pillai (@sri50) August 8, 2022

എസ് ശങ്കർ സംവിധാനം ചെയ്ത ഇന്ത്യനിൽ കൃഷ്ണസ്വാമി എന്ന കഥാപാത്രത്തെയാണ് നെടുമുടി വേണു അവതരിപ്പിച്ചത്. നടൻ നാസറായിരുന്നു അദ്ദേഹത്തിന് ചിത്രത്തിൽ ശബ്ദം നൽകിയത്. 1996ൽ പുറത്തിറങ്ങിയ ചിത്രം വമ്പൻ വിജയമായിരുന്നു. നിരവധി സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ വാരിക്കൂട്ടുകയും ചെയ്തു. 1996ലെ ഓസ്കാർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു ഇന്ത്യൻ. ചിത്രത്തിലെ അഭിനയത്തിന് കമലഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരം, സംസ്ഥാന പുരസ്കാരം, ഫിലിംഫെയർ പുരസ്കാരം എന്നിവ ലഭിച്ചു. സുകന്യ, മനീഷ കൊയ്‌രാള, ഊർമിള മഡ്‌നോദ്‌കർ, കസ്തൂരി, ഗൗണ്ടമണി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

2018ലാണ് ഇന്ത്യൻ 2വിന്റെ ചിത്രീകരണം ആദ്യമായി പ്രഖ്യാപിച്ചത്. പിന്നാലെ 2019ലും 2020ലും ചിത്രീകരണം ആരംഭിച്ചെങ്കിലും പല കാരണങ്ങളാൽ മുടങ്ങി. സെപ്തംബർ 13ന് ചിത്രീകരണം പുനരാരംഭിക്കുമെന്നാണ് വിവരം. സുകന്യ, കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കർ‌, ഗുരുസോമസുന്ദരം, ബോബി സിൻഹ, ഡൽഹി ഗണേഷ് എന്നിവരാണ് രണ്ടാം ഭാഗത്തിലെ പ്രധാന താരങ്ങൾ.