
ന്യൂഡൽഹി: ട്രക്ക് ഡ്രൈവറെ കൊലപ്പെടുത്തിയതിന് പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഉൾപ്പെടെ നാല് പേരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ഓഗസ്റ്റ് ഏഴിനാണ് കൊലപാതകം നടന്നത്. 27കാരനായ ജക്കി മുഹമ്മദാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം ജക്കിയുടെ ഫോൺ, പേഴ്സ് തുടങ്ങിയവയും പ്രതികൾ മോഷ്ടിച്ചു.
സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കൂടാതെ ഡൽഹി സ്വദേശികളായ കമ്രാൻ, അഹ്‌സാൻ, അഹ്‌സാന്റെ ഇളയ സഹോദരൻ ബോബി, എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.മോഷണശ്രമത്തിനിടെയാണ് പ്രതികൾ ജക്കിയെ കുത്തിപ്പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ജക്കിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്വേഷണത്തിനിടെ പ്രതികൾ ഡൽഹിയിലെ ഓഖ്‌ലയ്ക്ക് സമീപം ഒളിവിൽ കഴിയുന്നതായി ഉദ്യോഗസ്ഥർക്ക് രഹസ്യ വിവരം ലഭിച്ചു.തുടർന്ന് അവിടെയെത്തി അഞ്ച് പേരെയും പിടികൂടുകയായിരുന്നു. പ്രതികൾ പൊലീസിനോട് കുറ്റം സമ്മതിച്ചു. കുറ്റകൃത്യം ചെയ്യാൻ ഉപയോഗിച്ച ആയുധവും മോഷ്ടിച്ച വസ്തുക്കളും പൊലീസ് കണ്ടെടുത്തു.