japan

ടോക്കിയോ : ലോക പ്രശസ്ത ജാപ്പനീസ് ഫാഷൻ ഡിസൈനർ ഇസീ മിയാകെ ( 84 ) അന്തരിച്ചു. ഓഗസ്റ്റ് 5ന് കാൻസർ ബാധയെ തുടർന്നായിരുന്നു മരണമെന്നും മൃതദേഹം സംസ്കരിച്ചെന്നും അദ്ദേഹത്തിന്റെ വക്താക്കൾ അറിയിച്ചു. 1970കളോടെയാണ് മിയാകെ തന്റെ കരിയർ ആരംഭിച്ചത്. 1938ൽ ഹിരോഷിമയിലാണ് മിയാകെയുടെ ജനനം. 1945 ഓഗസ്റ്റ് 6ന് ഹിരോഷിമയിൽ യു.എസ് ആറ്റംബോംബ് വർഷിച്ചപ്പോൾ മിയാകെയ്ക്ക് വെറും 7 വയസായിരുന്നു പ്രായം. 140,000ത്തോളം മനുഷ്യർ കൊല്ലപ്പെട്ട ഹിരോഷിമ ദുരന്തത്തെ അതിജീവിച്ച മിയാകെ 1970ന് ടോക്കിയോയിൽ മിയാകെ ഡിസൈൻ സ്റ്റുഡിയോ സ്ഥാപിച്ചു. വൈകാതെ പാരീസിലും മിയാകെ തന്റെ ബൂട്ടിക്ക് ആരംഭിച്ചു. പ്ലീറ്റഡ് സ്റ്റൈലിലെ വസ്ത്രങ്ങളിലൂടെയാണ് മിയാകെ പ്രശസ്തനായത്. ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സിന് വേണ്ടി കറുപ്പ് നിറത്തിലെ ടർട്ടിൽ നെക്ക് ടി ഷർട്ടുകൾ തയാറാക്കിയത് മിയാകെ ആണ്.