mammotty-tom-cruise

ഹോളിവുഡ് താരം ടോം ക്രൂയിസിന്റെ ഒരു ചിത്രം പങ്കു വച്ച ഫേസ്ബുക്ക് പേജായ 'സിനിമ ഇൻ മീംസ്' ന്റെ പോസ്റ്റിന് താഴെ ഇപ്പോൾ നിറയുന്നത് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയുടെ ചിത്രങ്ങളാണ്. 60 വയസായ ടോം ക്രൂയിസിന് ഇപ്പോഴും പ്രായം തോന്നിക്കുന്നില്ല എന്ന് ധ്വനിപ്പിക്കുന്ന ക്യാപ്ഷനോടെ എത്തിയ ചിത്രത്തിന് കീഴിലാണ് മലയാളികളുടെ കമന്റ് അഭിഷേകം. പോസ്റ്റിന് താഴെ 70 വയസായ മമ്മൂട്ടിയുടെ ചിത്രങ്ങളാണ് നിറയെ. ഏഴര ലക്ഷം പേരാണ് ഇതിനോടകം ഈ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. ഇരുപത്തിനാലായിരം കമന്റുകളും ഇരുപത്തിയൊന്നായിരം ഷെയറുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. സമീപകാലത്തായി സിനിമാ ഇൻ മീംസ് പേജിൽ വന്നിട്ടുള്ള പോസ്റ്റുകളിൽ ഒരു ലക്ഷത്തിന് മേലെ ലൈക്ക് നേടുന്ന ആദ്യ പോസ്റ്റാണിത്. കൂടുതലും മലയാളികളാണ് പോസ്റ്റിൽ പ്രതികരിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ചിത്രം കൂടാതെ സ്വന്തം മാതാപിതാക്കളുടെ ചിത്രങ്ങളും ചിലർ കമന്റായി പോസ്റ്റ് ചെയ്യുന്നുണ്ട്. തങ്ങളുടെ മാതാപിതാക്കൾക്കും പ്രായം അധികം തോന്നിക്കാറില്ലെന്ന കമന്റും ഇക്കൂട്ടർ ഇടുന്നുണ്ട്.