modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് കഴിഞ്ഞ ഒരു വർ‌ഷത്തിനിടെ 26 ലക്ഷം രൂപയുടെ ആസ്‌തി വർദ്ധനവുണ്ടായെന്ന് വിവരം. പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്‌സൈറ്റിലൂടെ പുറത്തുവിട്ട വിവരമനുസരിച്ച് 2.23 കോടി മൂല്യമുള‌ള ആസ്‌തിയുണ്ട് പ്രധാനമന്ത്രിയ്‌ക്ക്. ഇതിൽ കൂടുതലും ബാങ്ക് നിക്ഷേപമാണ്. നിഷ്‌ക്രിയ ആസ്‌തിയായി ഒന്നും തന്നെയില്ല. 1.1 കോടിയുടെ നിഷ്‌ക്രിയ ആസ്‌തിയാണ് 2021 മാർച്ച് 31നുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഗാന്ധിനഗറിലെ സ്വന്തം പങ്കിൽവരുന്ന ഭൂമി വിറ്റതോടെ ഇത് ഇല്ല.

ബോണ്ടായോ ഓഹരിയായോ മ്യൂച്വൽ ഫണ്ടിലോ നിക്ഷേപമൊന്നുമില്ല. എന്നാൽ 1.73 ലക്ഷം രൂപയുടെ നാല് സ്വർണമോതിരങ്ങൾ കൈയിലുണ്ട്. ആകെ ഈ വർഷം മാർച്ച് 31 വരെ 2,23,82,504 രൂപയാണ് ആസ്‌തി. 2002ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ വാങ്ങിയ ഭൂമിയുണ്ട്. എന്നാൽ ഇത് മറ്റ് മൂന്നുപേർ‌ക്ക് കൂടി അവകാശപ്പെട്ടതാണ്. കൈവശമുള‌ളത് 35250 രൂപ മാത്രമാണ്. പോസ്‌റ്റോഫീസിലെ ആസ്‌തി 9,05,105 ആണ്. 1,89305 രൂപയുടെ ഇൻഷ്വറൻസ് പോളിസി സ്വന്തമായുണ്ട്.

മറ്റ് മന്ത്രിമാരുടെ ആസ്‌തി പരിശോധിച്ചാൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന് സ്ഥാവരആസ്‌തി 2.54 കോടിയും ജംഗമവസ്‌തുക്കൾ 2.97 കോടിയുമാണ്. മന്ത്രിമാരായ ധർമ്മേന്ദ്ര പ്രധാൻ, ജ്യോതിരാദിത്യ സിന്ധ്യ, ആർ‌കെ സിംഗ്, ഹർദീപ് സിംഗ് പുരി, പർഷോത്തം റുപാല, ജി.കിഷൻ റെഡ്‌ഡി എന്നിവരും തങ്ങളുടെ സ്വത്ത് വിവരം വെളിപ്പെടുത്തി.