
പാട്ന: ബി ജെ പിയുമായുള്ള സഖ്യം അവസാനിപ്പിച്ച് ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച നിതീഷ് കുമാർ വീണ്ടും സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്തേക്ക് മടങ്ങി വരും. ആർ ജെ ഡിയും കോൺഗ്രസും ഉൾപ്പെട്ട വിശാലസഖ്യത്തിന്റെ മുഖ്യമന്ത്രി ആയാണ് നിതീഷ് കുമാറിന്റെ മടങ്ങിവരവ്. ആർ ജെ ഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകുമെന്നാണ് സൂചന. കോൺഗ്രസ് പ്രതിനിധികളും മന്ത്രിസഭയിൽ ഉണ്ടാകും. രാജിവച്ച നിതീഷ്, തേജസ്വിയോടൊപ്പം ഗവർണറെ കണ്ട് സർക്കാർ ഉണ്ടാക്കുന്നതിനുള്ള അവകാശവാദം ഉന്നയിച്ചു. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ തന്നെ നടന്നേക്കും. അതേസമയം നീതീഷ് ബിഹാറിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ബി ജെ പി കുറ്റപ്പെടുത്തി.
ജെ.ഡി.യുവിലെ എല്ലാ എം.പിമാരുടെയും എം.എൽ.എമാരുടെയും കൂട്ടായ അനുമതിയോടെയാണ് എൻ ഡി എ വിടാൻ തീരുമാനിച്ചതെന്ന് നിതീഷ് കുമാർ പ്രതികരിച്ചു. എൻ.ഡി.എ സംഖ്യം വിട്ട് പുറത്തുവന്ന നിതീഷിന് ആർ ജെ ഡിയും കോൺഗ്രസും ഇടതുപാർട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രിമാരെ നിതീഷ് കുമാറും സ്പീക്കറെ തേജസ്വിയും തീരുമാനിക്കും.