
മയാമി : യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ പാം ബീച്ചിലെ വസതിയായ മാർ എ ലാഗോയിൽ എഫ്.ബി.ഐ. റെയ്ഡ്. പ്രാദേശിക സമയം, തിങ്കളാഴ്ച രാത്രി വീട്ടിലെത്തിയ എഫ്.ബി.ഐ ഏജന്റുമാർ വീട്ടിലെ അലമാര കുത്തിത്തുറന്നെന്ന് ട്രംപ് ആരോപിച്ചു. വൈറ്റ് ഹൗസിലെ പ്രസിഡൻഷ്യൽ രേഖകൾ ട്രംപ് കടത്തിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡെന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റെയ്ഡ് നടന്നെന്ന വാർത്തയോട് എഫ്.ബി.ഐ പ്രതികരിച്ചിട്ടില്ല. സംഭവ സമയം ട്രംപ് വസതിയിലില്ലായിരുന്നു. ട്രംപ് 2024ലെ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങുന്നെന്ന അഭ്യൂഹങ്ങൾക്കിടെയാണ് റെയ്‌ഡ്. സംഭവത്തിൽ റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി.