python

മയാമി : കൂറ്റൻ ബർമീസ് പെരുമ്പാമ്പുകൾക്ക് പേരുകേട്ട നാടാണ് യു.എസിലെ ഫ്ലോറി‌ഡ. ഒരുകാലത്ത് ഇവിടുത്തെ പ്രശസ്തമായ എവർ‌ഗ്ലേഡ്‌സ് നാഷണൽ പാർക്കിൽ മാൻ, കുറുക്കൻ, റാക്കൂൺ, പക്ഷികൾ തുടങ്ങിയ ജീവികൾ സുലഭമായിരുന്നു. എന്നാൽ, ഇന്ന് ഇവയെ ഇവിടെ കാണുന്നത് തന്നെ അപൂർവമാണ്. കൂറ്റൻ ബർമീസ് പെരുമ്പാമ്പുകൾ തന്നെയാണ് കാരണം. ഇൻവേസീവ് സ്പീഷീസായാണ് എവർ‌ഗ്ലേഡ്‌സിലെ ബർമീസ് പെരുമ്പാമ്പുകളെ കണക്കാക്കുന്നത്. അതായത്, ഒരു പ്രദേശത്ത് കടന്നുകൂടി അവിടുത്തെ സ്വാഭാവിക സ്പീഷീസുകൾക്കെല്ലാം നാശമുണ്ടാക്കുന്ന സ്പീഷീസ്. ഫ്ലോറിഡയിലെ ആവാസ വ്യവസ്ഥയ്ക്ക് കടുത്ത ഭീഷണി ഉയർത്തുന്നവയാണ് ബർമീസ് പെരുമ്പാമ്പുകൾ. 1970കളുടെ അവസാനം ഏഷ്യയിൽ നിന്നുമാണ് ബർമീസ് പെരുമ്പാമ്പുകളെ വളർത്താനായി ഫ്ലോറിഡയിൽ ആദ്യമായി എത്തിക്കുന്നത്. അനുകൂല സാഹചര്യത്തിൽ പെരുകിയ ഇവ ഫ്ലോറിഡയിലെയും സമീപ പ്രദേശങ്ങളിലെയും പക്ഷികൾ, റാക്കൂണുകൾ, മാനുകൾ എന്നിവയെ ആഹാരമാക്കാൻ തുടങ്ങി. ബർമീസ് പെരുമ്പാമ്പുകളെ കണ്ടെത്തി കൊല്ലാൻ എല്ലാ വർഷവും ഫ്ലോറിഡ പൈത്തൺ ചാലഞ്ച് നടത്തുന്നുണ്ട്. 2013ൽ ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ്‌ലൈഫ് കൺസർവേഷൻ കമ്മീഷനാണ് ഈ പരിപാടിയ്ക്ക് തുടക്കമിട്ടത്. അമേരിക്കയുടെയും കാനഡയുടെയും വിവിധ ഭാഗത്ത് നിന്ന് നൂറുകണക്കിന് പാമ്പുപിടുത്തക്കാരാണ് മത്സരത്തിൽ പങ്കെടുക്കാൻ എവർ‌ഗ്ലേഡ്‌സിലേക്കെത്തുന്നത്. ഓഗസ്റ്റ് 5 മുതൽ പത്ത് ദിവസം നീളുന്ന ഈ വർഷത്തെ ചാലഞ്ചിന് തുടക്കമായി. കഴിഞ്ഞാഴ്ച മാത്രം 859 പേരാണ് മത്സരത്തിന്റെ ഭാഗമായത്. ഓൺലൈൻ ട്രെയിനിംഗ് കോഴ്സിനും 25 ഡോളറിന്റെ രജിസ്ട്രേഷനും ശേഷമാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. ഏറ്റവും കൂടുതൽ പെരുമ്പാമ്പുകളെ പിടികൂടുന്ന വ്യക്തിയ്ക്ക് 2,500 ഡ‌ോളർ സമ്മാനം ലഭിക്കും. ഏറ്റവും വലിയ പെരുമ്പാമ്പിനെ പിടികൂടുന്നയാൾക്കും സമ്മാനമുണ്ട്. കഴിഞ്ഞ വർഷം ആകെ 200 ലേറെ ബർമീസ് പെരുമ്പാമ്പുകളെയാണ് ചാലഞ്ചിലൂടെ വകവരുത്തിയത്. മത്സരത്തിൽ പെരുമ്പാമ്പിനെ കൊന്നിരിക്കണമെന്നാണ് നിബന്ധന. എന്നാൽ, ശാസ്ത്രീയമായി നിഷ്കർഷിച്ചിരിക്കുന്ന മാർഗത്തിൽ മാത്രമേ അത് നടപ്പാക്കാവൂ.

ചാലഞ്ച് കൂടാത എല്ലാ വർഷവും ബർമീസ് പെരുമ്പാമ്പുകളുടെ എണ്ണം കുറയ്ക്കാനുള്ള മറ്റ് പദ്ധതികളും നിലവിലുണ്ട്. 2000 മുതൽ ഇപ്രകാരം ഏകദേശം 17,000ത്തിലേറെ പെരുമ്പാമ്പുകളെ എവർ‌ഗ്ലേ‌ഡ്സിൽ നിന്ന് തുരത്താനായി.