
തിരുവനന്തപുരം: പൊതു സ്ഥലങ്ങളിലും ജലസ്രോതസുകളിലും മാലിന്യം നിക്ഷേപിക്കുന്നവരുടെ ഫോട്ടോ അല്ലെങ്കിൽ വീഡിയോ പഞ്ചായത്തോഫീസിൽ എത്തിക്കുന്നവർക്ക് 5000 രൂപ പാരിതോഷികം നൽകാനൊരുങ്ങി ഉഴമലയ്ക്കൽ പഞ്ചായത്ത്. ഹരിതചട്ടങ്ങൾ നടപ്പിലാക്കുന്നതിനും മാലിന്യ നിക്ഷേപം തടയുന്നതിനുമായി നടപ്പാക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് തീരുമാനം. നഗരപ്രദേശത്തെഹോട്ടൽ മാലിന്യവും ഇറച്ചിവേസ്റ്റും രാത്രികാലങ്ങളിൽ ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിൽ നിക്ഷേപിക്കുന്ന പ്രവണത ഒഴിവാക്കുന്നതിനാണ് ഈ നടപടി. ചട്ടങ്ങൾ ലംഘിച്ചതിന് ഇതുവരെ 31പേർക്കെതിരെയാണ് കേസെടുത്തത്. പതിനായിരം രൂപ വരെയാണ് പിഴയായി ഈടാക്കുന്നത്.
ജില്ലയിൽ ഹരിതചട്ടങ്ങൾ നടപ്പിലാക്കുന്നതിൽ ഒന്നാം സ്ഥാനം ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിനാണ്. നിലവിൽ 15 വാർഡുകളിലും ഹരിത കർമ്മസേനാംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 93 ശതമാനം വീടുകളിൽ നിന്നും സ്ഥാപനങ്ങളിലും നിന്നും കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക്കും പ്രതിമാസ യൂസർഫീസും കൃത്യമായി നൽകിവരുന്നതിനാൽ പ്ലാസ്റ്റിക് നിർമ്മാർജ്ജനം 90 ശതമാനവും വിജയത്തിലെത്തിയിട്ടുണ്ട്. ഇതുവരെ പതിമൂന്നര ടൺ പ്ലാസ്റ്റിക്കാണ് ക്ലീൻകേരള കമ്പനിയ്ക്ക് കൈമാറിയത്. വരും മാസങ്ങളിൽ ഇത് 100 ശതമാനമാക്കുക എന്നതാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് ജെ. ലളിതയും സെക്രട്ടറിജോസഫ് ബിജുവും അറിയിച്ചു.