
തെന്നിന്ത്യൻ സൂപ്പർതാരം വിജയ് ദേവരകൊണ്ടയും ബോളിവുഡ് നടി അനന്യ പാണ്ഡെയും ഒന്നിക്കുന്ന ലൈഗർ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഓഗസ്റ്റ് 25നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ വർക്കിലാണ് താരങ്ങൾ ഉൾപ്പടെയുള്ള അണിയറപ്രവർത്തകർ. ഇതിനിടയിൽ ആരാധകരുടെ ശ്രദ്ധനേടുകയാണ് വിജയ് ദേവരകൊണ്ടയുടെ ചെരിപ്പുകൾ.
പ്രൊമോഷൻ പരിപാടിക്കെത്തുന്ന താരം എല്ലാ തരം വസ്ത്രങ്ങളോടുമൊപ്പം സാധാരണ ചെപ്പലുകളാണ് ധരിക്കുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ നിരവധി ആരാധകർ താരത്തോട് കാരണം തിരക്കുകയും ചെയ്തു. മാസത്തിൽ മുപ്പത് ദിവസവും പ്രൊമോഷൻ വർക്കുകളുണ്ട്. എല്ലാ ദിവസവും ഓരോ വസ്ത്രത്തിനും ചെരിപ്പിനുമായി അന്വേഷിച്ച് നടക്കുന്നത് സയമം ഏറെ കളയുന്ന ഒന്നാണ്. അതിനാൽ ഒരു ചെപ്പൽ വാങ്ങി. ഇത് തന്റെ ജീവിതം കൂടുതൽ എളുപ്പമുള്ളതാക്കിയെന്നുമാണ് താരത്തിന്റെ മറുപടി. എല്ലാ തരം വസ്ത്രങ്ങളും ധരിക്കാൻ ഇഷ്ടമുള്ളയാളാണെന്നും മനസ് പറയുന്നതിനനുസരിച്ച് എന്തും ധരിക്കുമെന്നും താരം പറഞ്ഞു. 199 രൂപയുടെ ചെരിപ്പാണ് താരം ധരിക്കുന്നതെന്ന് സ്റ്റൈലിസ്റ്റ് ഹർമാൻ കൗർ വെളിപ്പെടുത്തി.
പുരി ജഗന്നാഥ് സംവിധാനം ചെയ്ത സ്പോർട്ട്‌സ് ചിത്രമായ ലൈഗറിൽ വിക്കുള്ള ബോക്‌സിംഗ് താരമായാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. അനന്യ പാണ്ഡെ, രമ്യ കൃഷ്ണ, റോണിത് റോയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസൺ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. കരൺ ജോഹർ, പുരി ജഗന്നാഥ്, ചർമെ കൗർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.