weight-loss

ഭക്ഷണം കുറച്ച് കഠിനമായ വർക്ക് ഔട്ടുകൾ ചെയ്ത് തടികുറയ്ക്കാൻ ശ്രമിക്കുന്നവരാണ് മിക്കവാറും പേരും. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതുമൂലം ഇത്തരക്കാർ പെട്ടെന്ന് തന്നെ ശ്രമങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുന്നു. ആരോഗ്യപ്രദമായ ഭക്ഷണം കൃത്യമായ സമയത്ത് കഴിക്കുക, ദിവസേന കുറഞ്ഞത് ഒരു മണിക്കൂർ വർക്ക് ഔട്ട്, എട്ട് മണിക്കൂർ ഉറക്കം, മാനസിക സമ്മർദ്ദം ഒഴിവാക്കുക എന്നതാണ് ആരോഗ്യപരമായ ശരീരഘടനയിൽ എത്താനുള്ള അനുയോജ്യമായ മാർഗം. ഇതിൽ പ്രധാനമാണ് അത്താഴം കഴിക്കുന്ന സമയം. മിക്കവാറും പഠനങ്ങളും നിർദേശിക്കുന്നത് വൈകിട്ട് ഏഴ് മണിയ്ക്ക് അത്താഴം കഴിക്കണമെന്നാണ്. എന്നാൽ ഏഴുമണിയല്ല അത്താഴം കഴിക്കേണ്ട കൃത്യമായ സമയമെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്.

ബർമിൻഹാമിലെ അലബാമ സ‌ർവകലാശാലയിലെ വിദഗ്ദ്ധ‌ർ നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തലുകൾ. ആഹാരസമയം ക്രമീകരിക്കുക എന്നതാണ് തടികുറയ്ക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമെന്നാണ് പുതിയ പഠനത്തിൽ പറയുന്നത്. അത്താഴം വൈകിട്ട് മൂന്ന് മണിയ്ക്ക് മുൻപായി കഴിക്കണമെന്ന് പഠനത്തിൽ നിർദേശിക്കുന്നു. പരീക്ഷണത്തിനായി കുറച്ച് പേരോട് വിദഗ്ദ്ധർ ഇത്തരത്തിൽ പതിനാല് ആഴ്ച മൂന്ന് മണിയ്ക്ക് മുൻപായി ഭക്ഷണം കഴിക്കാൻ ആവശ്യപ്പെട്ടു. മാത്രമല്ല ആഴ്ചയിൽ 150 മിനിട്ട് വർക്ക് ഔട്ട് ചെയ്യാനും നിർദേശിച്ചു. പരീക്ഷണത്തിൽ 2.4 കിലോ ഭാരം ഓരോരുത്തർക്കും കുറഞ്ഞതായി കണ്ടെത്തി. മാത്രമല്ല ബിപി പ്രശ്നങ്ങൾ കുറഞ്ഞതായും മാനസിക നില കൂടുതൽ മെച്ചപ്പെട്ടതായും പഠനത്തിൽ കണ്ടെത്തി.

ഇന്റർമിറ്റന്റ് ഫാസ്റ്റിംഗാണ് ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച മാർഗമെന്നാണ് അലബാമ സർ‌വകലാശാലയിലെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. എട്ട് മണിക്കൂർ ആഹാരവും ബാക്കി ഫാസ്റ്റിംഗുമാണ് ഇവർ നിർദേശിക്കുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിമുതൽ രാത്രി എട്ട് മണിവരെയാണ് സാധാരണയായി ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് നോക്കുന്നത്. എന്നാൽ അലബാമയിലെ വിദഗ്ദ്ധർ നിർദേശിക്കുന്നത് രാവിലെ ഏഴ് മണിമുതൽ വൈകിട്ട് മൂന്ന് മണിവരെയുള്ള സമയക്രമമാണ്. ശരീരത്തിൽ മെറ്റാബോളിസം ഏറ്റവും നന്നായി നടക്കുന്നതും കൊഴുപ്പ് വേഗത്തിൽ എരിഞ്ഞുപോകുന്നതും ഈ മണിക്കൂറുകളിലാണെന്നും ഇവർ പറയുന്നു.

എന്നാൽ പുതിയ പഠനം ചില സംശങ്ങൾ പലരിലും ജനിപ്പിക്കുന്നുണ്ട്. രാവിലെ ഏഴ് മുതൽ വൈകിട്ട് മൂന്ന് മണിവരെയുള്ള സമയക്രമം ബുദ്ധിമുട്ടേറിയതാണെന്നും പെട്ടെന്ന് ഉപേക്ഷിക്കുന്നതിന് ഇടവരുത്തുമെന്നും പലരും അഭിപ്രായപ്പെടുന്നു. അതിനാൽ തന്നെ ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ നിർദേശപ്രകാരം മാത്രം സമയക്രമവും ഡയറ്റിംഗും നിർണയിക്കുക.