
പവിത്രമായ ഒരു ചടങ്ങാണ് വിവാഹം. രണ്ട് വ്യക്തികൾ തമ്മിൽ വിവാഹം കഴിക്കുന്നതിലൂടെ കൂടിച്ചേരുന്നത് രണ്ട് കുടുംബങ്ങൾ കൂടിയാണ്. വിവാഹിതരായ സ്ത്രീകൾ മറ്റുള്ലവർക്ക് കൈമാറാൻ പാടില്ലാത്ത കുറച്ച് വസ്തുക്കളുണ്ട്. ഈ വസ്തുക്കൾ മറ്റുള്ലവർക്ക് നൽകി കഴിഞ്ഞാൽ ഭാര്യാ ഭർതൃ ബന്ധത്തിൽ വിള്ളൽ ഉണ്ടാകുമെന്നാണ് വിശ്വാസം. ഇങ്ങനെ കൈമാറാൻ പാടില്ലാത്ത വസ്തുക്കൾ ഏതൊക്കെയെന്ന് നോക്കാം.
സിന്ദൂരം
സുമംഗലികൾ നിത്യവും സിന്ദൂരം ധരിക്കാറുണ്ട്. താൻ വിവാഹിതയാണ് എന്ന് മറ്റുള്ളവരെ അറിയിക്കാനും ഭർത്താവിന്റെ ആയുസിനും വേണ്ടിയാണ് സിന്ദൂരം ധരിക്കുന്നത് എന്നാണ് വിശ്വാസം. സുംഗലിയായ സ്ത്രീ അണിയുന്ന സിന്ദൂരം പ്രത്യേകമായി ഒരു ചെപ്പിൽ സൂക്ഷിക്കേണ്ടതാണ്. ഈ ചെപ്പ് എപ്പോഴും അടച്ച് വയ്ക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഇത്രയും പവിത്രതയോടെ സൂക്ഷിക്കേണ്ട സിന്ദൂരം മറ്റുള്ളവർക്ക് നൽകുന്നതിലൂടെ പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് വിശ്വാസം.
പൊട്ട്
സുമംഗലികളായ സ്ത്രീകൾ പൊട്ട് തൊടാതിരിക്കാൻ പാടില്ല എന്നാണ് പണ്ടുള്ളവർ പറയുന്നത്. എന്നാൽ വിശ്വാസപ്രകാരം സുമംഗലികളായ സ്ത്രീകൾ അണിയുന്ന പൊട്ട് മറ്റുള്ളവർക്ക് നൽകാൻ പാടുള്ളതല്ല. ഇങ്ങനെ ചെയ്താൽ തന്റെ ഐശ്വര്യം മറ്റുള്ളവർക്ക് കൈമാറുന്നതിന് തുല്യമാണ് എന്നാണ് പറയുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ മറ്റുള്ലവർക്ക് പൊട്ട് നൽകേണ്ടി വന്നാൽ ഉപയോഗിക്കാത്തവ നൽകുക.
കൺമഷി
വിശ്വാസപ്രകാരം ഭാര്യാഭർതൃ ബന്ധത്തിൽ കണ്ണുതട്ടാതിരിക്കാനാണ് കൺമഷി ഉപയോഗിക്കുന്നത്. സുമംഗലികൾ നിത്യവും കൺമഷി എഴുതുന്നതിലൂടെ ഭർത്താവുമായുള്ള ബന്ധം ദൃഢമാകുന്നു എന്നും പറയപ്പെടുന്നു. അതിനാൽ തന്നെ നിങ്ങൾ അണിയുന്ന കൺമഷി മറ്റുള്ളവർക്ക് നൽകാൻ പാടുള്ളതല്ല.
വിവാഹവസ്ത്രം
ജീവിതത്തിലെ ഏറ്റവും പവിത്രമായ ദിവസമാണ് വിവാഹദിനം. അതിനാൽ താലികെട്ടുന്ന സമയത്ത് അണിഞ്ഞിരുന്ന വസ്ത്രം സൂക്ഷിച്ച് വയ്ക്കേണ്ടതാണ്. നിങ്ങളുടെ വിവാഹ വസ്ത്രം മറ്റുള്ളവർക്ക് അണിയാൻ കൊടുക്കുന്നതോ അതിന് കേടുപാടുകൾ സംഭവിക്കുന്നതോ ദോഷം ചെയ്യും എന്നാണ് പറയപ്പെടുന്നത്.
വിവാഹമോതിരം
വിവാഹനിശ്ചയത്തിനോ വിവാഹ ദിവസമോ അണിയുന്ന മോതിരം പങ്കാളികളുടെ സ്നേഹത്തിന്റെയും ഐക്യത്തിന്റയും പ്രതീകമാണ്. അതിനാൽ ഇവ മറ്റുള്ലവർക്ക് നൽകാൻ പാടുള്ളതല്ല. ഇങ്ങനെ ചെയ്യുന്നത് പല ദോഷങ്ങൾക്കും കാരണമാകും എന്നാണ് പറയപ്പെടുന്നത്.