varun-gandhi

ചണ്ഡിഗഡ്: ദേശീയ പതാക വാങ്ങാൻ വിസമ്മതിച്ചയാൾക്ക് റേഷൻ നൽകിയില്ല. ഹരിയാനയിലാണ് സംഭവം. പാവപ്പെട്ടവരുടെ ഭക്ഷണം തട്ടിയെടുത്ത് ദേശീയ പതാകയുടെ വില പിടിച്ചുവാങ്ങുന്നത് നാണക്കേടാണെന്ന അടിക്കുറിപ്പോടെ ബിജെപി എം പി വരുൺ ഗാന്ധി പങ്കുവച്ച വീഡിയോ ഏറെ ശ്രദ്ധനേടുകയാണ്. ഹരിയാനയിലെ കർണാലിലാണ് സംഭവം നടന്നത്.

റേഷൻ വാങ്ങാനെത്തിയവരെ നിർബന്ധിച്ച് ഇരുപത് രൂപയുടെ ദേശീയ പതാക വാങ്ങിപ്പിക്കുന്ന ദൃശ്യങ്ങൾ ഹരിയാനയിലെ ഒരു പ്രാദേശിക മാദ്ധ്യമമാണ് പുറത്തുവിട്ടത്. സ്ത്രീകളടക്കമുള്ളവർ സംഭവത്തിൽ പരാതിപ്പറഞ്ഞു. അതേസമയം, അധികാരികളുടെ നിർദേശപ്രകാരമാണ് പതാക വാങ്ങാത്തവർക്ക് റേഷൻ നിഷേധിച്ചതെന്നാണ് കടയിലെ ജീവനക്കാരൻ പറയുന്നത്.

വീഡിയോ വൈറലായതിന് പിന്നാലെ റേഷൻ കടയുടമയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ആളുകളെ തെറ്റിദ്ധരിപ്പിച്ചതിന് കടയുടമയ്ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. ഇത്തരം സംഭവം ശ്രദ്ധയിൽപ്പെട്ടാൽ അധികാരികളെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളുടെ സൗകര്യത്തിന് വേണ്ടിയാണ് റേഷൻ കടകളിൽ പതാക വിൽക്കുന്നതെന്നും താത്പര്യമുണ്ടെങ്കിൽ മാത്രം പതാക വാങ്ങിയാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.

आजादी की 75वीं वर्षगाँठ का उत्सव गरीबों पर ही बोझ बन जाए तो दुर्भाग्यपूर्ण होगा।

राशनकार्ड धारकों को या तिरंगा खरीदने पर मजबूर किया जा रहा है या उसके बदले उनके हिस्से का राशन काटा जा रहा है।

हर भारतीय के हृदय में बसने वाले तिरंगे की कीमत गरीब का निवाला छीन कर वसूलना शर्मनाक है। pic.twitter.com/pYKZCfGaCV

— Varun Gandhi (@varungandhi80) August 10, 2022

ഇന്ത്യയുടെ 75ാമത് സ്വാതന്ത്യദിനാഘോഷം പാവങ്ങൾക്ക് ഭാരമാകരുതെന്ന് വീ‌ഡിയോ പങ്കുവച്ചുകൊണ്ട് വരുൺ ഗാന്ധി പറഞ്ഞു. ദേശീയ പതാക വാങ്ങാൻ റേഷൻ കാർഡ് ഉടമകളെ നിർബന്ധിതരാക്കുകയാണ്. അല്ലാത്തപക്ഷം അവർക്കവകാശപ്പെട്ട ധാന്യങ്ങളുടെ പങ്ക് നിഷേധിക്കുന്നു. എല്ലാ ഭാരതീയരുടെയും ഹൃദയത്തിൽ വസിക്കുന്ന ദേശീയ പതാകയുടെ വില പിടിച്ചുവാങ്ങാൻ പാവപ്പെട്ടവരുടെ ഭക്ഷണം തട്ടിയെടുക്കുന്നത് നാണക്കേടാണെന്നും വരുൺ ഗാന്ധി പറഞ്ഞു.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി 'എല്ലാ വീട്ടിലും ത്രിവർണ പതാക' (ഹർ ഘർ തിരംഗ) എന്ന ക്യാംപെയിനിന്റെ ഭാഗമായി എല്ലാ വീടുകളിലും പതാക ഉയ‌ർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റേഷൻ കടകളിലും മറ്റും പതാക വിൽക്കാൻ തുടങ്ങിയത്.