
ബീജിംഗ് : ചൈനീസ് കോളേജുകളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെയെത്തിക്കാനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും ഉടൻ തന്നെ ഇവരുടെ ആദ്യ ബാച്ചിനെ കൊണ്ടുപോകാനായേക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചൈനീസ് വിദേശകാര്യ വക്താവ് വാംഗ് വെൻബിൻ പറഞ്ഞു. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏകദേശം 23,000ത്തിലേറെ ഇന്ത്യൻ വിദ്യാർത്ഥികളാണ് ചൈനയിൽ ഉന്നത പഠനം നടത്തുന്നത്. ഇതിൽ കൂടുതലും മെഡിക്കൽ വിദ്യാർത്ഥികളാണ്. കൊവിഡ് പശ്ചാത്തലത്തിൽ രണ്ട് വർഷം മുമ്പ് നാട്ടിലെത്തിയ ഇവരിൽ ഒട്ടുമിക്ക പേർക്കും ചൈനയിൽ കർശന കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിനാൽ തിരിച്ചുപോകാനായിട്ടില്ല.