mullaperiyar

ഇടുക്കി: മഴയുടെ ശക്തിയും നീരൊഴുക്കും കുറഞ്ഞതോടെ മുല്ലപ്പെരിയാർ ഡാമിൽ തുറന്നിരുന്ന 13 ഷട്ടറുകളിൽ മൂന്നെണ്ണം ഇന്നലെ വൈകിട്ട് ആറോടെ അടച്ചു. ഇതോടെ പെരിയാറിലേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് സെക്കന്റിൽ 5968 ഘനയടിയായി കുറഞ്ഞു. തുറന്നിരിക്കുന്ന പത്ത് ഷട്ടറുകളിൽ ചിലത് ഇന്ന് അടയ്ക്കും.

ചൊവ്വാഴ്ച രാത്രി മുതൽ ഡാമിൽ ജലനിരപ്പ് കുറഞ്ഞു തുടങ്ങിയിരുന്നു. 139.55 അടി വരെ എത്തിയ ജലനിരപ്പ് പിന്നീട് കുറഞ്ഞ് ഏറ്റവുമൊടുവിൽ വിവരം ലഭിക്കുമ്പോൾ 138.8 അടിയായി. ഇന്നലെ നിലവിൽ വന്ന പുതിയ റൂൾലെവൽ പ്രകാരം 138.4 അടി ജലം സംഭരിക്കാൻ തമിഴ്‌നാടിനാകും. ഇതിനുതാഴെ എത്തിച്ച ശേഷം ഷട്ടറുകൾ പൂർണമായും അടച്ചേക്കും.

ഇടുക്കിയിലും അടച്ചേക്കും

മഴ മുന്നറിയിപ്പുകൾ ഇല്ലാത്ത സാഹചര്യത്തിൽ ഇടുക്കി ഡാമിന്റെ ഷട്ടറുകളും ഇന്നുമുതൽ ഘട്ടംഘട്ടമായി അടച്ചേക്കും. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന റൂൾലെവൽ കമ്മിറ്റി തീരുമാനമെടുക്കും. നിലവിൽ അഞ്ച് ഷട്ടറുകൾ തുറന്ന് മൂന്നര ലക്ഷം ലിറ്രറാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. ഇന്നുമുതൽ റൂൾലെവൽ 2386.81 അടിയാണ്. ഇന്നലെ ജലനിരപ്പ് 2387.4 അടിയായിരുന്നു. സംഭരണശേഷിയുടെ 82.13 ശതമാനം. 2403 അടിയാണ് പരമാവധി സംഭരണശേഷി.