dog

തിരുവനന്തപുരം: ഉടമസ്ഥന്റെ സ്‌നേഹ നിർബന്ധങ്ങൾക്ക് വഴങ്ങി ഉദ്ഘാടനത്തിന് മുന്നേ മെഷീൻ പ്രവർത്തിപ്പിച്ച് ഡയാലിസിസിന് വിധേയനാക്കിയ ടിങ്കു എന്ന ലാബ്രഡോർ ഇനത്തിൽപ്പെട്ട നായ ഓർമ്മയായി. തിരുവനന്തപുരം കുടപ്പനക്കുന്ന് മൾട്ടി സ്‌പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രിയിൽ നടത്തിയ ഡയാലിസിസ് ട്രയൽ റണ്ണിലൂടെ വാർത്തകളിൽ ഇടംനേടിയ ടിങ്കുവിന്റെയും ഉടമസ്ഥൻ അനൂപ് ചന്ദ്രന്റെയും വാർത്ത കേരളകൗമുദിയാണ് ആദ്യം പ്രസിദ്ധീകരിച്ചത്. രണ്ട് ഡയാലിസിസുകൾക്ക് ശേഷം ദിവസേനയുള്ള പരിശോധനയുടെ ഭാഗമായി ഇന്നലേയും ടിങ്കുവിനെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. നാഡിമിടിപ്പ് കുറവാണെന്ന് കണ്ടെത്തിയതോടെ അതിനുള്ള മരുന്ന് ഡോക്ടർ കുറിച്ചു നൽകി. തിരികെ വീട്ടിലെത്തിയത് മുതൽ തീരെ അവശനായ ടിങ്കുവിന് അനൂപും പിതാവ് ചന്ദ്രകുമാറും ചേർന്ന് സിറിഞ്ചിൽ വെള്ളം നിറച്ച് നൽകി. ശ്വാസതടസം അനുഭവപ്പെട്ടതോടെ ഡോക്ടറുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ വേഗം ആശുപത്രിയിലെത്തിക്കണമെന്നും ഓക്സിജൻ നൽകാമെന്നും അറിയിച്ചു. ആശുപത്രിയിലേക്ക് പോകാൻ ടിങ്കുവിനെ മടിയിലിരുത്തി ഓട്ടോറിക്ഷ കാത്തിരിക്കെ മൂന്ന് തവണ ശ്വാസമെടുത്ത ശേഷം കുഴഞ്ഞുവീഴുകയായിരുന്നു.

lab

പതിനൊന്ന് വയസുകാരൻ ടിങ്കുവിനെ രക്ഷിക്കാൻ ഡയാലിസിസ് അല്ലാതെ മറ്റു മാർഗമില്ലായിരുന്നു. ഡയാലിസിസിനായി ആശുപത്രിയിൽ പത്ത് ലക്ഷത്തോളം രൂപ ചെലവിട്ട് മെഷീൻ സ്ഥാപിച്ചിരുന്നെങ്കിലും പ്രവർത്തിപ്പിച്ച് നോക്കിയിരുന്നില്ല. എങ്ങനെയും ടിങ്കുവിനെ രക്ഷിക്കണമെന്ന് അനൂപ് യാചിച്ചപ്പോൾ ഡോക്ടർമാർ മെഡിക്കൽ കാേളേജിന്റെ സഹായം തേടിയാണ് ടെക്നീഷ്യന്മാരെ മൃഗാശുപത്രിയിലേക്ക് എത്തിച്ചത്. രണ്ട് ഡയാലിസിസിന്റെയും സർവചെലവും അനൂപാണ് വഹിച്ചത്. ടിങ്കുവിന് രക്തം കുറവാണെന്ന് അറിഞ്ഞപ്പോൾ,സുഹൃത്തിന്റെ നായ ജൂലിയാണ് രക്തം നൽകിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ടിങ്കുവിന് വേണ്ടി ഇരുപതിനായിരത്തോളം രൂപയാണ് ചെലവഴിച്ചത്. ഒരു ഡയാലിസിസിന് ആറായിരത്തോളം രൂപയായിരുന്നു ചെലവ്. ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ വൈകുന്നേരം നാലരയോടെ ടിങ്കുവിന്റെ സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു.


'കുടുംബത്തിലെ ഒരാളെ നഷ്ടമായ വേദനയാണ്. കഴിഞ്ഞ പതിനൊന്ന് വർഷമായി അവൻ ഞങ്ങളുടെ വീടിന്റെ ഭാഗമായിരുന്നു'

അനൂപ് ചന്ദ്രൻ