
ന്യൂഡൽഹി : അച്ഛൻ നൽകുന്ന പോക്കറ്റ് മണിയിൽ തൃപ്തിയില്ലാതെ രണ്ടാനമ്മയോടൊപ്പം മോഷണം ശീലമാക്കിയ യുവാവ് അറസ്റ്റിൽ. ബൈക്കുകളും സ്കൂട്ടറുകളും മോഷ്ടിച്ച് ക്രിമിനലുകൾക്ക് വാടകയ്ക്ക് നൽകിയതിനാണ് യുവാവിനെയും രണ്ടാനമ്മയേയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. സുൽത്താൻപുരി സ്വദേശികളായ റിഷാബ് , റിഷാബിന്റെ രണ്ടാനമ്മ പ്രീതി എന്നിവരാണ് മോഷണക്കുറ്റത്തിന് പിടിയിലായത്. പ്രതികളിൽ നിന്ന് മോഷ്ടിച്ച ആറ് വാഹനങ്ങളും അതോടൊപ്പം മോഷ്ടിച്ച 2 മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തു.
കഴിഞ്ഞ ദിവസം മോഷ്ടാക്കൾ സുൽത്താൻപുരി ബസ് സ്റ്റേഷനിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ രേഖകളില്ലാതെ ബൈക്ക് ഓടിക്കുന്നതിനിടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ പക്കൽ നിന്നും മോഷ്ടിച്ച രണ്ട് മൊബൈൽ ഫോണുകൾ കണ്ടെടുത്തു.
ഡെറാഡൂണിലെ പബ്ളിക് സ്കൂളിൽ പഠിച്ച പ്രതി ആഡംബര ജീവിതം നയിക്കാനാണ് മോഷണം നടത്തുന്നതെന്നും പിതാവിൽ നിന്നും വേണ്ടത്ര പോക്കറ്റ് മണി ലഭിക്കുന്നില്ലെന്നും ചോദ്യം ചെയ്യലിനിടെ പറഞ്ഞു. മയക്കുമരുന്നിനടിമയായ റിഷാബ് രണ്ടാനമ്മയ്ക്കൊപ്പമാണ് താമസം.