health

ആരോഗ്യകരമായ ജീവിതത്തിന് പുരുഷനും സ്‌ത്രീയ്‌ക്കും ലൈംഗികാരോഗ്യം വളരെ പ്രധാനമാണെന്ന് അറിയാമല്ലോ. നല്ല ലൈംഗികാരോഗ്യത്തിന്റെ ലക്ഷണമായി കാണുന്ന ചില കാര്യങ്ങളുണ്ട്. അത്തരത്തിലൊന്നാണ് സ്‌ത്രീകൾക്ക് അടിവസ്‌ത്രത്തിൽ കാണുന്ന നിറം മങ്ങിയ വെളുപ്പോ മഞ്ഞയോ നിറമെന്ന് തോന്നുന്ന തരം പാടുകൾ. അതെ ഡോക്‌ടർമാർ പറയുന്ന വസ്‌തുതയാണിത്.

കടുംനിറത്തിലുള‌ള അടിവസ്‌ത്രങ്ങളിൽ ഇത്തരം പാടുകൾ വളരെയധികം വ്യക്തമായി കാണാനാകും. വെളുപ്പ് നിറത്തിലെ അടിവസ്‌ത്രത്തിലും ഇത് ദൃശ്യമാകും. അസിഡിക്ക് സ്വഭാവമുള‌ള യോനിയിൽ നിന്നുള‌ള സ്രവമാണ് ഇതിന് പിന്നിൽ. അടിവസ്‌ത്രങ്ങളിലെ നിറത്തെ ഇല്ലാതാക്കുന്നതിന് കഴിയുന്ന ഈ അസിഡിക്ക് സ്രവം മൂലമാണ് വസ്‌ത്രത്തിൽ നിറം മാറുന്നത്.

യോനിയിൽ നിന്നുള‌ള ഡിസ്‌ചാർജിന്റെ പിഎച്ച് നില എന്നത് 3.5നും 7നുമിടയിലാണ്. ആരോഗ്യമുള‌ള യോനിയിൽ നിന്നും കൂടുതൽ അസിഡിക്ക് ഡിസ്‌ചാർജ് ഉണ്ടാകും. ഒരു വ്യക്തിയുടെ ആർത്തവചക്രം, ലൈംഗികജീവിതം, ഹോർമോണുകളുടെ അളവ് ഇവയൊക്കെയനുസരിച്ച് പിഎച്ച് നിലയിൽ മാറ്റമുണ്ടാകാം.

ലാക്‌ടോബാസില്ലി എന്ന നല്ല ബാക്‌ടീരിയകളടക്കം ഉള‌ള ശരീരഭാഗമാണ് യോനി. ആരോഗ്യമുള‌ള യോനിയിലെ അസിഡിക്ക് നില പരിപാലിച്ച് ഈ ബാക്‌ടീരിയ അവിടം ആരോഗ്യമുള‌ളതായി നിലനിർത്തും. അതുമൂലം അണുബാധയടക്കം ഉണ്ടാവാതെയിരിക്കുകയും ചെയ്യുന്നു. ദ ഗൈനെ സെന്ററിലെ കൺസൾട്ടന്റ് ഗൈനക്കോളജിസ്‌റ്റായ ഡോ. അലക്‌സാണ്ടർ എസ്‌കണ്ടെർ പറയുന്നു. അണ്ഡോൽപാദന സമയത്തും ഗർഭാവസ്ഥയിലും സെർവിക്കൽ സ്രവത്തിന്റെ ഉൽപാദനം വർദ്ധിക്കാൻ ഇടയാക്കും. വായുവുമായി സമ്പർക്കം വരുമ്പോൾ ഇത് അടിവസ്‌ത്രങ്ങളിൽ നിറംമാറുന്ന അവസ്ഥയ്‌ക്ക് കാരണമാകും, ഇത് വിഷമിക്കേണ്ട കാര്യമേയല്ലെന്നും ഡോ.അലക്‌സാണ്ടർ ചൂണ്ടിക്കാട്ടുന്നു.

അടിവസ്‌ത്രങ്ങളിലെ ഇത്തരം നിറംമാറ്രം തടയാൻ അവ ഉപയോഗശേഷം ഉടനടി കഴുകുന്നത് ഉത്തമമാണ്.സ്‌റ്റൈൻ റിമൂവർ പോലെ കറ നീക്കം ചെയ്യുന്നവ ഉപയോഗിച്ച് അലക്കിയാലും ഇവ മാറും.

ഇത്തരത്തിൽ പറ്റിപ്പിടിക്കുന്ന സ്രവത്തിന് രൂക്ഷമായതോ മാറ്റമുള‌ളതോ ആയ ഗന്ധമുണ്ടെങ്കിൽ അത് ഗൈനക്കോളജിസ്‌റ്റിനെ അറിയിക്കണം. വെള‌ള,ക്രീം നിറങ്ങളല്ലാതെ മഞ്ഞ, പച്ച, ബ്രൗൺ നിറമാണെങ്കിൽ അത് അണുബാധ ലക്ഷണമാണ്. അത്യാവശ്യമായി ഡോക്‌ടറുടെ സഹായം തേടുന്നത് ഉത്തമമാണ്. ചില ലൈംഗികരോഗങ്ങൾക്കും ഇത്തരം പ്രശ്‌നമുണ്ടാകാം എന്നതിനാൽ ശ്രദ്ധ നല്ലതാണ്.