
പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിലെ പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് തെളിവുകൾ. പ്രതികൾ നേരിട്ടും ഇടനിലക്കാർ വഴിയുമാണ് സാക്ഷികളെ ബന്ധപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ഫോൺ രേഖകളടക്കമുള്ള തെളിവുകളാണ് പുറത്തുവന്നത്. തെളിവുകളുടെ പകർപ്പുകൾ പ്രതിഭാഗം അഭിഭാഷകർ ഇന്ന് കോടതിയിൽ സമർപ്പിക്കും.
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ മുക്കാലി പറയൻകുന്ന് പറക്കമറ്റത്ത് വീട്ടിൽ ഷിഫാനെ (24) കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മധുവിന്റെ വീട്ടിൽ പോയെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. മധുവിന്റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയായ അബ്ബാസിനൊപ്പമാണ് പോയതെന്നും യുവാവ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. അബ്ബാസിന്റെ മകളുടെ മകനാണ് ഷിഫാൻ.
അതേസമയം, അബ്ബാസ് ഇപ്പോഴും ഒളിവിലാണെന്ന് അഗളി ഡി വൈ എസ് പി അറിയിച്ചു. കേസിൽ വിസ്തരിച്ച സാക്ഷികളിൽ 13 പേർ കൂറുമാറിയിരുന്നു. സാക്ഷികളെ സ്വാധീനീക്കാൻ ശ്രമിക്കരുതെന്ന ജാമ്യവ്യവസ്ഥ പ്രതികൾ ലംഘിച്ചെന്നും ഈ സാഹചര്യത്തിൽ ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
2018 ഫെബ്രുവരി 22നാണ് മുക്കാലി ചിണ്ടക്കി ഊരിലെ പരേതനായ മല്ലന്റെ മകൻ മധുവിനെ (30) നാട്ടുകാർ തല്ലിക്കൊന്നത്. മുക്കാലി മേഖലയിലെ കടകളിൽ നിന്ന് ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്.