suryapriya

പാലക്കാട്: പ്രണയ നൈരാശ്യത്തിൽ യുവാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ഡി വൈ എഫ് ഐ പ്രാദേശിക നേതാവ് സൂര്യപ്രിയയുടെ സംസ്‌കാരം ഇന്ന്. കേസിലെ പ്രതിയായ അഞ്ചുമൂർത്തി മംഗലം അണക്കപ്പാറ ചീകോട് സുജീഷിനെ (27) ഇന്ന് വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും.


ഇരുപത്തിനാലുകാരിയായ സൂര്യപ്രിയയെ ഇന്നലെ രാവിലെയാണ് സുജീഷ് കൊലപ്പെടുത്തിയത്. ഇരുവരും തമ്മിൽ കഴിഞ്ഞ ആറ് വർഷത്തോളമായി പ്രണയത്തിലായിരുന്നു. പ്രണയ ബന്ധം തകർന്നതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.


കോളേജ് പഠനകാലത്താണ് ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങിയത്. സൂര്യപ്രിയയ്ക്ക് സ്വന്തം കുടുംബത്തിലെ മറ്റൊരാളുമായി പ്രണയമുണ്ടെന്ന് പ്രതിക്ക് സംശയമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. വീട്ടിൽ ആരുമില്ലാത്ത സമയത്തെത്തി കൃത്യം നടത്തുകയായിരുന്നു.

ശേഷം ആലത്തൂർ പൊലീസ് സ്റ്റേഷനിലെത്തി 'ഞാൻ എന്റെ പെണ്ണിനെ കൊന്നു'വെന്ന് പറയുകയായിരുന്നു. തുടർന്ന് പൊലീസ് യുവതിയുടെ വീട്ടിലേക്ക് പോയി. പൊലീസെത്തിയ ശേഷമാണ് യുവതി കൊല്ലപ്പെട്ടവിവരം ബന്ധുക്കളടക്കം അറിയുന്നത്.