
ബാലരാമപുരം: കോട്ടുകാൽക്കോണത്ത് പലവ്യഞ്ജനക്കടയിൽ സാധനം വാങ്ങാനെന്ന വ്യാജേനയെത്തിയ കള്ളൻ 15000 രൂപ കവർന്നു. തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. കോട്ടുകാൽക്കോണം കുഴിവിളവീട്ടിൽ മോഹനന്റെ പലവ്യഞ്ജന,സ്റ്റേഷനറി കടയിലാണ് മോഷണം നടന്നത്. സവാള ചോദിച്ചെത്തിയ മോഷ്ടാവ് വീണ്ടും മൂന്ന് കിലോ സവാള തൂക്കാൻ ആവശ്യപ്പെട്ടു. മോഹനൻ തൊട്ടടുത്ത മുറിയിൽ നിന്ന് സവാളയെടുക്കാൻ പോയ തക്കത്തിന് പണപ്പെട്ടിയിൽ സൂക്ഷിച്ചിരുന്ന 15000 രൂപ കവരുകയായിരുന്നു.
മാസ്ക് ധരിച്ചിരുന്നതിനാൽ മോഷ്ടാവിന്റെ ചിത്രം വ്യക്തമല്ലെന്ന് മോഹനൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മോഷ്ടാവ് രക്ഷപ്പെടുന്നതിന്റെയും കടയിൽ എത്തുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങൾ ഇദ്ദേഹം ബാലരാമപുരം പൊലീസിന് കൈമാറി.