poster

കുഞ്ചാക്കോ ബോബൻ നായകനാകുന്ന 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന്റെ പോസ്റ്റർ വൻ വിവാദത്തിൽ. ഇന്ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പോസ്റ്ററിനെതിരെ കടുത്ത വിമർശനമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്നത്. ‘തീയേറ്റുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ,’ എന്നാണ് പോസ്റ്ററിലെ ക്യാപ്ഷന്‍. ഇതിനെതിരെയാണ് വിമർശനമുയരുന്നത്. ചാനൽ ചർച്ചകളിൽ നിരീക്ഷകനായെത്തുന്ന പ്രേം കുമാറാണ് ചിത്രത്തിന്റെ പരസ്യത്തിനെതിരെ ആദ്യം രംഗത്തെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സൗകര്യല്ല; ന്തേ?

ബിരിയാണിച്ചെമ്പിൽ പിണറായി സ്വർണം കടത്തി എന്നപോലെ,

സി.പി.എം.തീരുമാനിച്ചിട്ട് എല്ലാ പെൺകുട്ടികളെയും പാന്റിടീക്കുന്നു എന്നപോലെ,

സിൽവർലൈൻ എന്നാൽ റെയിൽവേ അറിയാതെ എൽ.ഡി.എഫ് നടത്തും പരിപാടിയാണെന്ന പോലെ,

കൃത്യമായ ലക്ഷ്യങ്ങളോടെ,

വൃത്തിയായി കാര്യങ്ങൾ ചെയ്യാൻ നോക്കുന്നവരെ അധിക്ഷേപിക്കാൻ

ചിലർ കഥയെഴുതി, വേറെ ചിലർ സംവിധാനം ചെയ്ത്, മാപ്രകൾ വിതരണം നടത്തുന്ന

ജനവിരുദ്ധ ക്യാമ്പയിനാണ് കേരളം മുഴുവൻ റോട്ടിൽ കുഴികളാണെന്നത്.

ഇങ്ങനെയൊരു പരസ്യവാചകമെഴുതുന്നതിലൂടെ ഞങ്ങളും ആ ജനവിരുദ്ധമുന്നണിയിലാണെന്ന് ഉളുപ്പില്ലാതെ പറയുകയാണ് ഈ സിനിമാവിതരണക്കാർ.

വഴിയിൽ കുഴിയുണ്ട് എന്നുറപ്പാണല്ലേ;

ചിലയിടത്ത് ഉണ്ടാവാം എന്ന് പോലുമല്ലല്ലോ.

ഇന്ന് തന്നെ ഈ പടം കാണാൻ തീരുമാനിച്ചിരുന്നതാണ്;

ഇന്നിനി കാണുന്നില്ലെന്ന് വെച്ചു.

ഇനിയെന്തായാലും എത്ര കുഴിയുണ്ടെന്നറിഞ്ഞിട്ടാവാം.

ആർക്കും വന്ന് കൊട്ടാനുള്ള ചെണ്ടയാവരുത്

ജനങ്ങൾ തെരഞ്ഞെടുത്തൊരു ജനകീയ സർക്കാർ.

അതേസമയം, കാലാവസ്ഥ നിലവിലെ രീതിയിൽ തുടർന്നാൽ ദേശീയപാതയിലെയും പൊതുമരാമത്ത് റോഡുകളിലെയും കുഴികൾ അടയ്ക്കുന്നത് ഒരാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മഴ അനുഭവപ്പെടാതിരുന്ന സ്ഥലങ്ങളിലെല്ലാം കുഴികൾ ടാർ ചെയ്ത് അടയ്ക്കുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഇന്ന് ടാറിംഗ് നടന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മെറ്റലുപയോഗിച്ച് അടച്ച കുഴികളാണ് ഇന്നലെ ടാർ ചെയ്തത്. ഇന്നും നാളെയുമായി പരമാവധി വേഗത്തിൽ ജോലികൾ പൂർത്തീകരിക്കാനാണ് നിർദ്ദേശം. റോഡുകളിലെ കുഴി അടയ്ക്കൽ വിഷയത്തിൽ ഹൈക്കോടതി കർശന നിലപാട് സ്വീകരിക്കുകയും ജില്ലാ കളക്ടർമാരെ ഇതിന്റെ മേൽനോട്ടത്തിന് ചുമതലപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് എത്രയുംവേഗം പണി പൂർത്തീകരിക്കാൻ ജീവനക്കാരോടും കരാറുകാരോടും പൊതുമരാമത്ത്- ദേശീയപാത വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയപാതയിൽ ഏറ്റവുമധികം കുഴികളുള്ള ആലപ്പുഴ ജില്ലയിൽ യുദ്ധകാല അടിസ്ഥാനത്തിലാണ് കുഴിഅടയ്ക്കൽ നടക്കുന്നത്. പൊതുമരാമത്ത് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ജോയിന്റ് സെക്രട്ടറിയും പൊതുമരാമത്ത് റോഡ്സ്,​ ദേശീയപാത വിഭാഗം ചീഫ് എൻജിനിയർമാരുമുൾപ്പെട്ട സംഘം ദിനംപ്രതി കുഴിഅടയ്ക്കൽ ജോലികൾ നിരീക്ഷിച്ചുവരികയാണ്.