raju-srivastava

ന്യൂഡ‌ൽഹി: നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊമേഡിയനും നടനുമായ രാജു ശ്രീവാസ്തവ ചികിത്സയോട് പ്രതികരിക്കുന്നതായി ആശുപത്രി അധികൃതർ. ജിമ്മിൽ വർക്ക്‌ഒട്ട് ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്ത രാജുവിനെ ട്രെയിനർ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ന്യൂഡൽഹിയിലെ എയിംസിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആൻജിയോപ്ളാസ്റ്റിക്ക് ശേഷം അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. താരത്തിന് ഹാർട്ട് അറ്റാക്കായിരുന്നെന്ന് സഹോദരൻ ആശിഷ് ശ്രീവാസ്തവ അറിയിച്ചു.

അനേകം പ്രശസ്ത കോമഡി പരിപാടികളുടെ ഭാഗമായിരുന്ന രാജു ശ്രീവാസ്തവ നിലവിൽ ഉത്തർപ്രദേശ് ഫിലിം ബോർഡിന്റെ ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു. ദി ഗ്രേറ്റ് ഇന്ത്യൻ ലോട്ടർ ചലഞ്ച്, കോമഡി സർക്കസ്, ദി കപിൽ ശർമ ഷോ, ശക്തിമാൻ തുടങ്ങിയ പരിപാടികളുടെ ഭാഗമായിരുന്ന അദ്ദേഹം മേനെ പ്യാർ കിയാ, തേസാബ്, ബാസിഗർ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.