പരമശിവന്റെ പ്രിയ ശിഷ്യനും, ഭൂതഗണങ്ങളിൽ പ്രഥമ സ്ഥാനീയനുമാണ് നന്ദികേശൻ. അതുകൊണ്ടുതന്നെയാണ് മഹാദേവ ക്ഷേത്രങ്ങളില്ലെല്ലാം നന്ദിക്ക് പ്രതിഷ്‌ഠയുള്ളത്. നന്ദിയുടെ അനുവാദം വാങ്ങിയതിനു ശേഷമേ ശിവനെ ദർശനം നടത്താവൂ എന്നതാണ് ആചാരം. മാത്രമല്ല നന്ദികേശ വിഗ്രഹത്തിന്റെ ചെവിയിൽ ഉണർത്തിക്കുന്ന ആഗ്രഹങ്ങൾ എന്തുതന്നെയായാലും മഹാദേവന്റെയടുക്കൽ അത് നേരിട്ടു ചെല്ലുമെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഭക്തർ നന്ദികേശ വിഗ്രഹത്തിൽ തങ്ങളുടെ സങ്കടങ്ങൾ പറയുന്നത് പൊതുവെ കാണാറുണ്ട്.
കോഴിക്കോട്ടെ കാന്തരൂർ മഹാദേവക്ഷേത്രത്തിൽ ശംഭുവെന്ന ജീവനുള്ള 'നന്ദി' ഭക്തർക്ക് അത്ഭുതമാണ്. മഹാദേവനോടുള്ള പ്രാർത്ഥന ഭക്തർ ഈ കാളക്കൂറ്റന്റെ ചെവിയിലാണ് അറിയിക്കുന്നത്. ആളെ കണ്ടാൽ ഒന്ന് പേടിയാകുമെങ്കിലും ശാന്തസ്വഭാവിയാണ്. ഒത്തശരീരമുള്ള ശംഭു, കുട്ടികൾക്ക് പോലും തലോടി കളിക്കാൻ നിന്നു കൊടുക്കുന്നവനാണ്. കുട്ടികൾ എന്നും അവന്റെ പ്രിയ തോഴരുമാണ്.

ലൈറ്റും ഫാനും അടക്കമുള്ള ഒരു ആല തന്നെയുണ്ട് ശംഭുവിന് ഒരുക്കിയിട്ടുണ്ട്. കാന്തരൂർ ക്ഷേത്രക്കാരുടെ മാത്രമല്ല, ആ പ്രദേശവാസികളുടെയാകെ കണ്ണിലുണ്ണി കൂടിയാണ് ശംഭു. അവനുവേണ്ടി മാത്രം പ്രത്യേകം ആഭരണങ്ങളും, പട്ടുടുപ്പുമുണ്ട്.