nna-thaan-case-kodu

പുതുമയുള്ള പ്രമേയമായി എത്തിയ 'ആൻ‌‌‌ഡ്രോയി‌ഡ് കുഞ്ഞപ്പൻ', 'കനകം കാമിനി കലഹം' എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്‌ണൻ പൊതുവാളിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രമാണ് 'ന്നാ താൻ കേസ് കൊട്'. കുഞ്ചാക്കോ ബോബൻ വ്യത്യസ്‌തമായ വേഷപ്പകർച്ചയിലെത്തുന്ന ചിത്രം കൗതുകമുണർത്തുന്ന പ്രമേയവുമായാണ് എത്തിയത്. റിലീസിന് മുൻപേ പുറത്തിറങ്ങിയ ഗാനങ്ങളും പോസ്റ്ററുകളും വേറിട്ട ടെെറ്റിലുമെല്ലാം ചിത്രത്തിന്മേലുള്ള പ്രതീക്ഷ വർദ്ധിപ്പിച്ചിരുന്നു.

മുൻപ് കള്ളനായിരുന്നെങ്കിലും മോഷണമൊക്കെ മതിയാക്കി കുടുംബജീവിതം നയിക്കുന്ന രാജീവനെ ഒരു രാത്രി നായ കടിക്കുന്നു. എം.​എ​ൽ.​എ​യു​ടെ​ ​വീ​ട്ടി​ൽ​ നടത്തിയ മോഷണ ശ്രമത്തിനിടെയാണ് നായ കടിച്ചതെന്ന ആരോപണം ഉയരുന്നതോടെ തന്റെ നിരപരാധിത്വം തെളിയിക്കാൻ രാജീവൻ ബാദ്ധ്യസ്ഥനാകുന്നു. തന്റെ മുന്നോട്ടുള്ള ജീവിതത്തെ ദോഷകരമായി ഈ സംഭവം ബാധിക്കുന്നതോടെ രാജീവൻ നീതി തേടി ഇറങ്ങുകയാണ്. നായ കടിക്കാൻ കാരണം റോഡിലെ കുഴിയും, ഒന്നാം പ്രതി പൊതുമരാമത്ത് മന്ത്രിയുമാണെന്ന് ആരോപിച്ച് രാജീവൻ കേസ് കൊടുക്കുന്നതും പിന്നീടുള്ള സംഭവ വികാസങ്ങളുമാണ് ചിത്രം. കുഞ്ചാക്കോ ബോബനാണ് കള്ളനായി വേഷമിട്ടിരിക്കുന്നത്.

nna-thaan-case-kodu

കാസർകോട് ചീമേനി പശ്ചാത്തലമായി ഒരുങ്ങിയ ചിത്രം 2016 മുതൽ 2020 വരെയുള്ള കാലഘട്ടത്തിലൂടെയാണ് സഞ്ചരിക്കുന്നത്. പ്രേക്ഷകനെ ചിരിപ്പിക്കുന്ന ആദ്യപകുതി ഒരു നിമിഷം പോലും മുഷിപ്പിക്കാതെയാണ് മുന്നോട്ട് പോകുന്നത്. രാജീവന്റെ കേസും മുനിസിപ്പൽ ഒന്നാം ക്ലാസ് കോടതിയിലെ നടപടിക്രമങ്ങളുമാണ് ചിത്രത്തിൽ കൂടുതൽ സമയവും.

രണ്ടാം പകുതിയിൽ ചിരിപ്പിക്കുന്നതിന് പുറമെ ചിന്തിപ്പിക്കാനും സംവിധായകന് കഴിഞ്ഞു. തുടക്കം മുതലുള്ള ഒഴുക്ക് ക്ലെെമാക്‌സിനോട് അടുക്കുമ്പോൾ ചെറുതായി നഷ്‌ടമാകുന്നുണ്ടെങ്കിലും ആസ്വാദനത്തെ ബാധിക്കുന്നില്ല. കോടതി ചിട്ടവട്ടങ്ങളും കേസിന്റെ മുന്നോട്ട് പോക്കുമെല്ലാം രസകരമായി ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

nna-thaan-case-kodu

തെന്നിന്ത്യൻ ​താരം​ ​ഗാ​യ​ത്രി​ ​ശ​ങ്ക​ർ​ ​ആ​ണ് ​നാ​യി​ക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ രാജേഷ് മാധവൻ, ബേസിൽ ജോസഫ്, ഉണ്ണിമായ പ്രസാദ് എന്നിവരും എത്തുന്നുണ്ട്. ഗാ​യ​ത്രി​ ​ശ​ങ്ക​ർ തന്റെ റോൾ ഭദ്രമായി കെെകാര്യം ചെയ്‌തിട്ടുണ്ട്. പുതുമുഖ താരങ്ങളാണ് ചിത്രത്തിൽ ഏറെയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖ താരങ്ങളെ മികച്ച രീതിയിൽ കെെകാര്യം ചെയ്യാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ പ്രധാന ആകർഷണം കുഞ്ചാക്കോ ബോബന്റെ കള്ളൻ കഥാപാത്രമാണ്. വളരെ വ്യത്യസ്‌തമായ കഥാപാത്രത്തെ ഗംഭീരമാക്കാൻ താരത്തിന് സാധിച്ചു. ശരീര ഭാഷയിൽ പ്രത്യേക ശ്രദ്ധ പുലർത്തിയതിന് പുറമെ കാസർകോട് ഭാഷ ഭംഗിയോടെ കെെകാര്യം ചെയ്‌തതിലൂടെയും കുഞ്ചാക്കോ ബോബൻ കെെയടി നേടുന്നുണ്ട്.

nna-thaan-case-kodu


രാകേഷ് ഹരിദാസിന്റെ ഛായാഗ്രഹണവും മനോജ് കണ്ണോത്തിന്റെ എഡിറ്റിംഗും മികവ് പുലർത്തി. സംവിധായകൻ തന്നെ രചന നിർവഹിച്ചിരിക്കുന്നത്. പുതുമയുള്ള പ്രമേയത്തോടൊപ്പം കെട്ടുറപ്പുള്ള തിരക്കഥയും വ്യത്യസ്‌തമായ അവതരണവുമാണ് ചിത്രത്തിന്റേത്.

വൈശാഖ് സുഗുണന്റെ രചനയിൽ ഡോൺ വിൻസെന്റ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും മികച്ചു നിന്നു. പഴയ ഗാനങ്ങളെ രസകരമായാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സിറ്റുവേഷണൽ കോമഡികൾ കൊണ്ട് സമ്പന്നമാണ് ചിത്രം.

nna-thaan-case-kodu

കൃത്യമായ രാഷ്‌ട്രീയം ഹാസ്യത്തിന്റെ മേമ്പൊടിയോടെ പ്രേക്ഷകന് മുന്നിൽ എത്തിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. സിനിമയുടെ പോസ്റ്ററുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഉയർന്ന് വരുന്നുണ്ട്. കാലിക പ്രസക്തിയുള്ള വിഷയം സംസാരിക്കുന്ന ചിത്രം നീതിക്കും നിയമത്തിനും മുന്നിൽ കള്ളനെന്നോ മന്ത്രിയെന്നോയുള്ള വ്യത്യാസമില്ലെന്നും ചിത്രം ചൂണ്ടിക്കാട്ടുന്നുണ്ട്.

എ​സ്.​ടി.​കെ​ ​ഫ്രെ​യിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സ​ന്തോ​ഷ് ​ടി.​ ​കു​രു​വി​ള​ ​നി​ർ​മ്മാ​ണ​വും​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ​ ​പ്രൊ​ഡ​ക്‌​ഷ​ൻ​സ്,​ ​ഉ​ദ​യ​ ​പി​ക്ചേ​ഴ്സ് ​എ​ന്നീ​ ​ബാ​ന​റു​ക​ളു​ടെ​ ​കീ​ഴി​ൽ​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ​ ​സ​ഹ​നി​ർ​മ്മാ​ണ​വും​ ​നി​ർ​വ​ഹി​ക്കു​ന്ന 'ന്നാ താൻ കേസ് കൊട്' തിയേറ്ററിൽ നിന്ന് തന്നെ കണ്ട് ആസ്വദിക്കാനാകുന്ന ചിത്രമാണ്.