സ്ത്രീകളും പുരുഷൻമാരും ഒരുപോലെ അനുഭവിക്കുന്ന പ്രശ്നമാണ് തൈറോയ്ഡ് . പ്രായം, പോഷകാഹാരക്കുറവ്, സമ്മർദ്ദം തുടങ്ങിയവ തൈറോയ്ഡ് വരാൻ കാരണമാകാം. കഴുത്തിന്റെ താഴ്ഭാഗത്തായി കാണുന്ന തൈറോയ്ഡ് ഗ്രന്ഥി മനുഷ്യ ശരീരത്തിന്റെ മെറ്റബോളിക് പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതിനാൽ തന്നെ തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യം നിലനിർത്തേണ്ടത് പ്രധാനമാണ്.
ഒരു വ്യക്തിയുടെ ശരീരത്തിന് ആവശ്യമായ അളവിൽ തൈറോയ്ഡ് ഹോർമോൺ ഇല്ലെങ്കിൽ ഹൈപ്പോതൈറോയിഡിസം അഥവാ അണ്ടർ ആക്ടീവ് തൈറോയ്ഡ് ഉണ്ടാവുന്നു. ശരീരം വളരെയധികം തൈറോയ്ഡ് ഹോർമോൺ ഉൽപാദിപ്പിക്കുകയാണെങ്കിൽ ഹൈപ്പർതൈറോയിഡിസം അഥവാ ഓവർ ആക്ടീവ് തൈറോയ്ഡ് ഉണ്ടാവുന്നു.
തൈറോയിഡിന്റെ പ്രാരംഭലക്ഷണങ്ങൾ
വയറിളക്കം. മലബന്ധം തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങൾ.
ദേഷ്യം, വിഷാദം തുടങ്ങിയവ മാറിമാറി വരാം.
ശരീരഭാരത്തിൽ മാറ്റം വരാം. ഹൈപ്പർതൈറോയിഡിസം ശരീരഭാരം കുറയുന്നതിനും ഹൈപ്പോതൈറോയിഡിസം ശരീരഭാരം കൂടുന്നതിനും കാരണമാകാം.
ഹൈപ്പർതൈറോയിഡിസം ചർമ്മത്തെ കൂടുതൽ എണ്ണമയമാക്കുകയും ഹൈപ്പോതൈറോയിഡിസം ചർമ്മത്തിൽ വരൾച്ച ഉണ്ടാക്കുകയും ചെയ്യും.
കാലാവസ്ഥ മാറുന്നതനുസരിച്ച് ശരീരത്തിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം.
കണ്ണുകളിലെ ചുവപ്പ് നിറം, വരൾച്ച, നീരൊഴുക്ക്, കൺപോളകൾ അടയ്ക്കുന്നതിന് ബുദ്ധിമുട്ട്, കണ്ണു വീക്കം തുടങ്ങിയ കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ.
മുടി കൊഴിച്ചിൽ.
കഴുത്തിൽ മുഴകളോ കുരുക്കളോ ഉണ്ടാവുന്നത്. ഇത് ചിലപ്പോൾ തൈയ്റോയ്ഡ് ക്യാൻസറിന്റെ ലക്ഷണമാകാം.