jelly-fish
jelly fish

സിയോൾ: ഈ ഫോട്ടോയിൽ കാണുന്ന സാധനമെന്താണെന്നോർത്ത് അമ്പരന്നോ. സംഗതി ജെല്ലി ഫിഷാണ്. ശരിക്കും ഭീമാകാരൻ.

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കയാണ് സംഗതി.

ചത്ത്, തീരത്തടിഞ്ഞ ജെല്ലി ഫിഷിന്റെ അസാധാരണമായ വലുപ്പമാണ് ശ്രദ്ധേയമാകാൻ കാരണം. ദക്ഷിണ കൊറിയയിലെ ഇൻകിയോൺ എന്ന കടൽത്തീരത്ത് വച്ച് 2008ലെടുത്ത ചിത്രമാണിത്. ഇതിന്റെ വലിപ്പം മനസിലാകാനായി ഒരു സ്ത്രീയുടെ കാൽപ്പാദം വച്ചിരിക്കുന്നത് കാണാം.

1-1.5 മീറ്റർ വീതിയുള്ള വമ്പൻ ജെല്ലി ഫിഷ്, നോമുറാസ് ജെല്ലിഫിഷ് എന്നറിയപ്പെടുന്ന ഇനമാണെന്ന് വിദഗ്ദ്ധർ തിരിച്ചറിഞ്ഞിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലുപ്പം കൂടിയ ജെല്ലി ഫിഷ് ഇനമായ 'ലയൺസ് മെയിൻ ജെല്ലിഫിഷി'നോളം ഇതിനും വലിപ്പമുണ്ടാകാറുണ്ടെന്നാണ് വിശദീകരണം.

ഇവയുടെ നീണ്ട വിഷം നിറഞ്ഞ വള്ളികൾ മനുഷ്യരിലേക്ക് എത്തിയാൽ ചൊറിച്ചിലും നീരും അടക്കമുള്ള ചെറിയ അസ്വസ്ഥതകൾ തുടങ്ങി മരണത്തിലേക്ക് വരെ നയിക്കാം.

സംഗതി എങ്ങനെയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ലക്ഷത്തോളം ലൈക്കും ഹിറ്റുമാണ് ലഭിച്ചത്.