
1980കളിലെ ഏഷ്യൻ സ്പ്രിന്റ് റാണി ലിഡിയ ഡി വേഗ അന്തരിച്ചു
മനില : 1980കളിൽ ഏഷ്യൻ അത്‌ലറ്റിക്സിൽ അത്ഭുത വേഗം കൊണ്ട് സ്പ്രിന്റ് റാണി എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഫിലിപ്പീൻസിന്റെ ഓട്ടക്കാരി ലിഡിയ ഡി വേഗ (57) അന്തരിച്ചു. അഞ്ചുവർഷമായി സ്തനാർബുദത്തിന് ചികിത്സയിലായിരുന്നു. വൻകരയിലെ അത്‌ലറ്റിക്സ് ഗാലറികളെ ആവേശം കൊള്ളിച്ച ഇന്ത്യൻ താരം പി.ടി ഉഷയുമായുള്ള 100,200 മീറ്ററുകളിലെ പോരാട്ടങ്ങൾകൊണ്ട് ഇന്ത്യൻ കായിക പ്രേമികൾക്കിടയിലും ഏറെ അറിയപ്പെട്ടിരുന്ന താരമാണ് ലിഡിയ.
സൗന്ദര്യവും വേഗവും കൊണ്ട് കൗമാരത്തിൽതന്നെ ഫിലിപ്പീൻസിലെ സൂപ്പർ താരമായി മാറിയ ലിഡിയ 100 മീറ്ററിലും 200 മീറ്ററിലും നിരവധി അന്താരാഷ്ട്ര മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്.ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് ചാമ്പ്യൻഷിപ്പുകളിൽ നാല് സ്വർണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും നേടിയ ലിഡിയ ഏഷ്യൻ ഗെയിംസിൽ രണ്ട് സ്വർണവും ഒരു വെള്ളിയും സ്വന്തമാക്കിയിട്ടുണ്ട്. വിവിധ സൗത്ത് ഏഷ്യൻ ഗെയിംസുകളിൽ നിന്നായി വാരിക്കൂട്ടിയത് ഒൻപത് സ്വർണവും രണ്ട് വെള്ളിയുമടക്കം 11 മെഡലുകളാണ്.
11.28 സെക്കൻഡാണ് 100 മീറ്ററിലെ താരത്തിന്റെ മികച്ച സമയം. 200 മീറ്ററിൽ ഇത് 23.35 സെക്കൻഡാണ്.
4x400 മീറ്ററിലും ലോങ് ജംപിലും ലിഡിയ പങ്കെടുത്തിട്ടുണ്ട്. 1987-ൽ ജക്കാർത്തയിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിൽ ലോംഗ്ജംപിൽ ലിഡിയ സ്വർണം നേടിയിരുന്നു. 1984,1988 ഒളിമ്പിക്‌സുകളിലും പങ്കെടുത്തു. 1994-ൽ മത്സരരംഗത്തുനിന്ന് വിരമിച്ചശേഷം അഭിനയത്തിലും രാഷ്ട്രീയത്തിലും സാമൂഹ്യസേവനത്തിലും സജീവമായിരുന്നു. 2005ൽ ഭർത്താവിനൊപ്പം ഭിന്നശേഷികുട്ടികളെ അത്‌ലറ്റിക്സ് പരിശീലിപ്പിക്കുന്ന അക്കാഡമി നടത്തി.മകൾ വോളിബാൾ താരമാണ്.
ട്രാക്കിനെ ചൂടുപിടിപ്പിച്ച ഉഷ-ലിഡിയ പോരാട്ടങ്ങൾ
എൺപതുകളിൽ വൻകരയിലെ അത്‌ലറ്റിക്സ് മത്സരവേദകളെ അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളിച്ചവയായിരുന്നു പി.ടി ഉഷയും ലിഡിയ ഡിവേഗയും തമ്മിലുള്ള സ്പ്രിന്റ് പോരാട്ടങ്ങൾ.ഒന്നിനാെന്ന് മികച്ച പോരാളികളായ ഇരുവരും ട്രാക്കിലിറങ്ങിയാൽ തീപാറുമായിരുന്നു.
1982 ഡൽഹി ഏഷ്യൻ ഗെയിംസിലെ 100 മീറ്ററിലാണ് ഇരുവരും ആദ്യം നേർക്ക് നേർ വരുന്നത്. അന്ന് ഉഷയുടെ മികച്ച സ്റ്റാർട്ടിനെ മറികടന്ന് ലിഡിയ സ്വർണം നേടി. തുടർന്നുള്ള ഏഷ്യൻ മീറ്റുകളും ഏഷ്യൻ ഗെയിംസുകളും ഇരുവരും തമ്മിലുള്ള മാറ്റുരയ്ക്കലായി മാറി. 1985ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഉഷ അഞ്ചുസ്വർണം നേടിയപ്പോൾ ലിഡിയയ്ക്ക് ഒരു വെങ്കലം മാത്രമാണ് ലഭിച്ചത്. 86ലെ സിയോൾ ഏഷ്യൻ ഗെയിംസിൽ 100 മീറ്ററിൽ ഉഷയെ മറികടന്ന് ലിഡിയ സ്വർണം നേടി. എന്നാൽ 200 മീറ്ററിൽ ഉഷ തിരിച്ചടിച്ചു.400 മീറ്റർ,400 മീറ്റർ ഹർഡിൽസ് എന്നീ ഇനങ്ങളിലും സിയോളിൽ സ്വർണം ഉഷയ്ക്കായിരുന്നു.