lydia-de-vega

ലിഡിയ ഡി വേഗയെക്കുറിച്ച് പി.ടി ഉഷ എഴുതുന്നു

ട്രാക്കിൽ എന്റെ ശക്തയായ എതിരാളിയും കളിക്കളത്തിന് പുറത്ത് അടുത്ത കൂട്ടുകാരിയുമായിരുന്നു ലിഡിയ. 1982 ഡൽഹി ഏഷ്യൻ ഗെയിംസിലാണ് ഞങ്ങൾ പരിചയപ്പെടുന്നത്. സാധാരണ അത്‌ലറ്റുകളെപ്പോലെയായിരുന്നില്ല അവളുടെ ട്രാക്കിലേക്കുള്ള വരവ്. സിനിമകളിൽ അഭിനയിക്കുകകൂടി ചെയ്തിരുന്നതുകൊണ്ട് മുഖത്ത് ഫൗണ്ടേഷനൊക്കെയിട്ട് മേക്കയ്ക്ക് അപ്പ്ചെയ്ത്, പോണി ടെയ്ൽ മുടിയൊക്കെയായി ഗ്ളാമർ താരം തന്നെയായിരുന്നു അവൾ.

82ൽ 100 മീറ്ററിൽ അവൾ എന്നെ തോൽപ്പിച്ചു.പിറ്റേവർഷം ഞാൻ തിരിച്ചുതോൽപ്പിച്ചു. പിന്നീട് അതൊരു തുടർക്കഥയായി. 100 മീറ്ററിൽ ഒരു മീറ്റിൽ അവളെങ്കിൽ അടുത്തതിൽ ഞാൻ. 200,400,ഹർഡിൽസ് ഇനങ്ങളിൽ അക്കാലത്ത് എനിക്ക് ഏഷ്യൻ തലത്തിൽ കടുത്തമത്സരം നേരിടേണ്ടിവന്നിട്ടില്ല. എന്നാൽ 100 മീറ്ററിൽ പോരാളിയായി ലിഡിയ ഉണ്ടായിരുന്നു. ആ മത്സരങ്ങൾ അക്കാലത്തെ മാദ്ധ്യമങ്ങൾ ആഘോഷമാക്കിയിട്ടുമുണ്ട്.

ട്രാക്കിലെ വാശി അതിന് പുറത്ത് അവൾ കാണിച്ചിട്ടേയില്ല.അതുതന്നെയായിരുന്നു 1983ൽ എന്റെ അമ്മാവന് ഒരുമകൾ പിറന്നപ്പോൾ ലിഡിയ എന്ന് പേരിടാൻ എന്നെ പ്രേരിപ്പിച്ചതും.ട്രാക്കിൽ നിന്ന് വിരമിച്ചശേഷം ഞങ്ങൾ കണ്ടിട്ടില്ല. അവൾ ജോലിയും അഭിനയവും രാഷ്ട്രീയവുമൊക്കെയായി അത്‌ലറ്റിക്സിൽ നിന്ന് മാറിനിൽക്കാനാണ് ഇഷ്ടപ്പെട്ടത്. ഇടയ്ക്ക് സിംഗപ്പൂരിലേക്ക് മാറിയതായി അറിഞ്ഞു. രാജ്യാന്തര മീറ്റുകൾക്ക് പോകുമ്പോൾ ഫിലിപ്പീനി അത്‌ലറ്റുകളോട് അവളെക്കുറിച്ച് അന്വേഷിക്കാറുണ്ടായിരുന്നു. എന്നാൽ മുഖ്യധാരയിൽ ഇപ്പോൾ കാണാറില്ലെന്നായിരുന്നു മറുപടി.

കഴിഞ്ഞ രാത്രി ഒരു വാട്ട്സ്അപ്പ് മെസേജിലൂടെ അക്കാലത്ത് ഞങ്ങൾക്ക് ഒപ്പം ഓടിയിരുന്ന ഒരു അത്‌ലറ്റാണ് മരണവാർത്ത അറിയിച്ചത്. സത്യത്തിൽ അത് വായിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഇത്രവേഗം അവൾ പോകുമെന്ന് കരുതിയില്ല. 57 വയസ് ഒരു അത്‌ലറ്റിനെ സംബന്ധിച്ചിടത്തോളം വലിയ പ്രായമല്ല,പക്ഷേ ട്രാക്കിലേതുപോലെ അവൾ ജീവിതത്തിലും അതിവേഗം ഫിനിഷിംഗ് ലൈൻ കടന്നിരിക്കുന്നു. ....