toll-plaza-assault

കൊല്ലം: കുരീപ്പുഴ ടോൾ പ്ലാസയിലെ ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ അഭിഭാഷകൻ കസ്‌റ്റഡിയിൽ. ഷിബു എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആറ്റിങ്ങൽ സ്വദേശി ലഞ്ജിത്ത് എന്നയാളും തനിക്കൊപ്പം ഉണ്ടായിരുന്നുവെന്നാണ് ഷിബു പൊലീസിന് നൽകിയിരിക്കുന്ന മൊഴി. എന്നാൽ ഇയാളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ഷിബുവിന്റെ മൊഴി പ്രകാരം, താനും സുഹൃത്തും ആലപ്പുഴയിൽ പോയി മടങ്ങി വരവെയാണ് സംഭവമുണ്ടായത്. വണ്ടിയോടിച്ചിരുന്ന ലഞ്ജിത്തും ടോൾ പ്ലാസ ജീവനക്കാരനും തമ്മിൽ വാക്കേറ്റമുണ്ടാകുകയും തുടർന്ന് ജീവനക്കാരനെ ലഞ്ജിത്ത് മർദ്ദിക്കുകയുമായിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് സംഭവം. കുരീപ്പുഴ ടോൾ പ്ലാസയിലെ ജീവനക്കാരൻ കുരീപ്പുഴ പേരിൽ തെക്കതിൽ അരുണി(24)നാണ് മർദനമേറ്റത്. അതിവേഗത്തിൽ എമർജൻസി ലൈനിലൂടെ വന്ന കാറിന് കൈകാണിച്ച് അരുൺ ടോൾ തുക ആവശ്യപ്പെട്ടു. അത്യാവശ്യത്തിന് പോകുകയാണെന്നു പറഞ്ഞ് ഡ്രൈവർ വണ്ടി മുന്നോട്ടെടുക്കാൻ തുടങ്ങി. ഈ സമയം വഴിതടയാനായി വച്ചിരുന്ന ട്രാഫിക് കോൺ, കാറിന് മുന്നിലേക്കു നീക്കിവെച്ചതാണ് പ്രകോപനത്തിനു കാരണമായത്.