
സിനിമാപ്രേമികളുടെ ആസ്വാദന നിലവാരത്തിന് മൾട്ടിപ്ലക്സുകളുടെ വരവോടെ വലിയ മാറ്റമാണ് ഉണ്ടാക്കിയത്. മൾട്ടിപ്ലക്സുകളുടെ വരവോടെ സിനിമ ആസ്വാദനം ലോകോത്തര നിലവാരത്തിലെത്തി. എന്നാൽ സിനിമയ്ക്കായി എത്തുന്നവർക്കായി തിയേറ്ററുകളിൽ വിൽപ്പനയ്ക്ക് നിരത്തുന്ന സ്നാക്സടക്കമുള്ള ആഹാര സാധനങ്ങളുടെ വിലയിലാണ് ഇപ്പോൾ സിനിമാ പ്രേമികൾ പരാതി ഉന്നയിക്കുന്നത്. പുറത്ത് പത്തും ഇരുപതും രൂപയ്ക്ക് വിൽക്കുന്ന പോപ്‌കോൺ അടക്കമുള്ള സ്നാക്സുകൾ മൾട്ടിപ്ലക്സിൽ വില നൂറിന് പുറത്താണ്. ഇതിനുള്ള കാരണം വിവരിക്കുകയാണ് പി വി ആർ ഗ്രൂപ്പ് ചെയർമാനും എംഡിയുമായ അജയ് ബിജ്ലി.
സിംഗിൾ സ്‌ക്രീനിൽ നിന്ന് മൾട്ടിപ്ലക്സുകളിലേക്കുള്ള മാറ്റത്തിലാണ് രാജ്യമെന്നും, ബിസിനസിന് വളരാനുള്ള വലിയ സാദ്ധ്യതയാണ് മുന്നിലുള്ളതെന്നും അജയ് ബിജ്ലി പറയുന്നു. പിവിആർ സിനിമാശാലകളിലെ വിലകൂടിയ ഭക്ഷണത്തിനെതിരെ സംസാരിക്കുന്ന ഉപഭോക്താക്കളെ കുറ്റപ്പെടുത്തുന്നില്ലെന്നും, എന്നാൽ സാധാരണ തിയേറ്ററുകളിൽ നിന്നും മൾട്ടിപ്ലക്സ് പ്രവർത്തിപ്പിക്കുവാൻ ചെലവ് കൂടുതലാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. മാളുകളിൽ വാടകയ്‌ക്കെടുക്കുന്ന സ്ഥലത്തിനുള്ള ചെലവും ഇതിൽ ഉൾപ്പെടും. ഇതിന് പുറമേ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ഭാരിച്ച ചെലവുണ്ട്. 'ഈ ചെലവുകൾ ഗുണനിലവാരത്തിന്റെ സൂചനകളാണ്. ആളുകൾക്ക് അത് ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് തോന്നുമ്പോൾ, അവർ പരാതിപ്പെടില്ല' അജയ് ബിജ്ലി പറയുന്നു.
സാധാരണ തിയേറ്ററുകളിൽ ഒരു പ്രൊജക്ഷൻ റൂം, ഒരു സൗണ്ട് സിസ്റ്റം, എയർ കണ്ടീഷൻ ചെയ്യാത്ത ഇരിപ്പിട സൗകര്യം എന്നിവ മതിയാവും, എന്നാൽ മൾട്ടിപ്ലക്സുകളിൽ നിരവധി പ്രൊജക്ഷൻ റൂമുകളും, സ്‌ക്രീനുകളും, സൗണ്ട് സിസ്റ്റങ്ങളും, എയർ കണ്ടീഷൻഡ് സംവിധാനങ്ങളും ആവശ്യമാണ്. അതിനാൽ മൂലധനച്ചെലവും പ്രവർത്തനച്ചെലവും ഇത്തരം സംരംഭങ്ങളിൽ കൂടുതൽ വേണ്ടിവരും.