
മനുഷ്യരെയും മറ്റ് മൃഗങ്ങളെയും ഉപദ്രവിക്കാതിരിക്കാൻ നായകളെ മാസ്‌ക് ധരിപ്പിക്കുന്നത് നമ്മൾ കണ്ടിട്ടും കേട്ടിട്ടുമുണ്ട്. എന്നാൽ ഒലീവ് എന്ന ഫ്രഞ്ച് ബുൾഡോഗിനെ മാസ്‌ക് ധരിപ്പിക്കുന്നത് മറ്റൊരു രസകരമായ കാരണം കൊണ്ടാണ്. പുൽച്ചാടികളെ ഒലീവ് ഭക്ഷിക്കുന്നത് ഒഴിവാക്കുന്നതിനായാണ് വായ് മൂടുന്ന തരത്തിലെ മാസ്‌ക് ഉടമയായ മേഗൻ ലസുസോ ധരിപ്പിക്കുന്നത്.

പുൽച്ചാടിയെ സ്ഥിരമായി കഴിക്കുന്നതുകാരണം വലിയ ഉദരപ്രശ്നങ്ങൾ ഉണ്ടായതിന് പിന്നാലെയാണ് വ്യത്യസ്തമായ മാസ്‌ക് ധരിപ്പിച്ചത്. എഴുത്തുകാരനായ തോമസ് ഹാരിസ് രൂപം നൽകിയ ഹനിബാൽ ലെക്ടർ എന്ന സീരിയർ കില്ലറിന്റേതിന് സമാനമായ മാസ്‌കാണ് നായയെ ധരിപ്പിക്കുന്നത്. എന്നാൽ മേഗൻ അടുത്തില്ലാത്ത സമയങ്ങളിൽ മാത്രമാണ് മാസ്‌ക് ധരിപ്പിക്കുന്നത്.
മാർക്കറ്റിംഗ് ആന്റ് ഡിസൈനിംഗ് മേഖലയിൽ ജോലിചെയ്യുന്ന മേഗൻ ഭർത്താവ് മാറ്റ്, ഫ്രഞ്ച് ബുൾഡോഗുകളായ ഒലീവ്, വാലെന്റിനോ എന്നിവരോടൊപ്പം ടെക്‌സാസിലാണ് താമസിക്കുന്നത്. 13 ഡോളർ മുടക്കിയാണ് മാസ്‌ക് മേഗൻ വാങ്ങിയത്. മാസ്ക് ധരിച്ചാലും വായ തുറക്കാനും ശ്വാസം വിടാനുമൊക്കെ സാധിക്കും.