
പ്രതിവർഷം 4 ദശലക്ഷം ടൺ ശേഷിയുള്ള സംയോജിത അലുമിനിയം റിഫൈനറിയും 30 ദശലക്ഷം ടൺ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ഇരുമ്പയിര് ഫാക്ടറിയും ഒഡീഷയിൽ സ്ഥാപിക്കാൻ അദാനി. ഇതിനായി സംസ്ഥാനത്ത് 57000 കോടിരൂപ നിക്ഷേപിക്കാനാണ് തീരുമാനം. അദാനി ഗ്രൂപ്പിന്റെ ഈ നിർദേശത്തിന് മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള അതോറിറ്റി ഇന്ന് അംഗീകാരം നൽകി. ഇന്ത്യയുടെ ബോക്‌സൈറ്റ്, ഇരുമ്പയിര് ശേഖരത്തിന്റെ പകുതിയിലധികവും ഒഡീഷയിലാണ്. ഇതാണ് സംസ്ഥാനത്ത് വൻ നിക്ഷേപം നടത്താൻ അദാനിയെ പ്രേരിപ്പിച്ചത്.
ബോക്‌സൈറ്റ് കരുതൽ ശേഖരത്തിനോ പ്രവർത്തനക്ഷമമായ ഖനികൾക്കോ സമീപമാവും റിഫൈനറി സ്ഥാപിക്കുക. ഫാക്ടറികൾ വരുന്നതോടെ ഇന്ത്യക്ക് ഈ ഉത്പന്നങ്ങളുടെ ഇറക്കുമതി നിർത്താനാവും. ഇരുമ്പയിര് ശുദ്ധീകരണ പ്ലാന്റ് കിയോഞ്ജർ ജില്ലയിലെ ദിയോജറിലും പെല്ലറ്റ് പ്ലാന്റ് തൊട്ടടുത്തുള്ള ഭദ്രക് ജില്ലയിലെ ധമ്രയിലും സ്ഥാപിക്കുവാനാണ് അദാനി ഗ്രൂപ്പ് ആലോചിക്കുന്നത്.
'നിക്ഷേപം തുടരുന്ന ഞങ്ങളുടെ ഏറ്റവും തന്ത്രപ്രധാനമായ സംസ്ഥാനങ്ങളിലൊന്നാണ് ഒഡീഷ, ബഹുമാനപ്പെട്ട മുഖ്യമന്ത്രി നവീൻ പട്നായിക്കിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച പിന്തുണയെ എപ്പോഴും അഭിനന്ദിക്കുന്നു,' അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു. ഒഡീഷയിലെ പുതിയ നിക്ഷേപത്തോടെ 9,300 പേർക്ക് നേരിട്ട് ജോലി ലഭിക്കും, പതിനായിരക്കണക്കിന് പരോക്ഷ തൊഴിലവസരങ്ങളും പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടും.