
ചക്കകാലമായാൽ ചക്കവിഭവങ്ങളായിരിക്കും നമ്മുടെ വീടുകളിലെ മേശകളിൽ നിറയുന്നത്. ചക്കപുഴുക്ക്, ചക്കയപ്പം, ചക്കവറ്റൽ, ചക്കപായസം എന്നിങ്ങനെ വിഭവങ്ങൾ നിരവധി. എന്നാൽ ചക്കകൊണ്ടുണ്ടാക്കിയ വൈൻ കുടിച്ചിട്ടുണ്ടോ? വളരെ എളുപ്പത്തിൽ വീട്ടിൽതന്നെ തയ്യാറാക്കാം രുചികരമായ ചക്കവൈൻ.
ചക്കവൈൻ ആവശ്യമായ ചേരുവകൾ
പഴുത്ത ചക്ക : ഒരു കിലോ
യീസ്റ്റ് : അര ടീസ്പൂൺ
പഞ്ചസാര : ഒരു കിലോ
തിളപ്പിച്ചാറ്റിയ വെള്ളം : രണ്ട് ലിറ്റർ
ഗ്രാംപൂ : നാല് എണ്ണം
ഗോതമ്പ് : ഒരു പിടി
തയ്യാറാക്കേണ്ട വിധം
പുഴുങ്ങിയ ചക്കച്ചുളകൾ തണുത്തശേഷം ഒരു ഭരണിയിലോ ബക്കറ്റിലോ ഇടുക. മുകളിൽ പഞ്ചസാര, ഗോതമ്പ്, ഗ്രാംപൂ, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ ഒഴിച്ച് മരത്തവികൊണ്ട് ഇളക്കുക. നന്നായി അടച്ചുമൂടി പന്ത്രണ്ട് ദിവസം വയ്ക്കണം. എന്നും രാവിലെ കൃത്യസമയത്ത് മൂടി തുറന്ന് ഇളക്കണം. പന്ത്രണ്ട് ദിവസത്തിന് ശേഷം തുണിയിൽ അരിച്ച് നീരെടുത്ത് ഭരണിയിൽ അടച്ച് ഒരുമാസം കൂടി സൂക്ഷിക്കണം. കൂടുതൽ നിറം വേണമെങ്കിൽ പഞ്ചസാര ഉരുക്കി ചേർക്കാം. ചക്കവൈൻ തയ്യാർ.