fbi

വാഷിംഗ്ടൺ : യു.എസിൽ ഒഹായോയിലെ സിൻസിനാ​റ്റിയിൽ എഫ്.ബി.ഐ ഓഫീസിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച ശേഷം കടന്നുകളഞ്ഞ തോക്കുധാരി പൊലീസിന്റെ വെടിയേറ്റ് മരിച്ചു. പ്രാദേശിക സമയം, വ്യാഴാഴ്ച രാവിലെ 9.15ഓടെയായിരുന്നു സംഭവം. റിക്കി ഷിഫ‌ർ (42) എന്നയാളാണ് മരിച്ചത്. സുരക്ഷാ പരിശോധനയ്ക്കിടെ ആയുധങ്ങളുമായി അതിക്രമിച്ചു കയറാൻ ശ്രമിച്ച ഇയാൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് കാറിൽ ഒഹായോയിലെ ക്ലിന്റൻ കൗണ്ടിയിലേക്ക് കടന്നു.

പൊലീസ് പിന്നാലെ പിന്തുടർന്ന് തടഞ്ഞുനിറുത്തി കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും പ്രതി വഴങ്ങിയില്ല. തുടർന്ന് റോഡരികിൽ വച്ചുണ്ടായ ഏ​റ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നു.

സംഭവത്തിൽ എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചു. അടുത്തിടെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വസതിയിൽ റെയ്‌ഡ് നടത്തിയതിന്റെ പേരിൽ എഫ്.ബി.ഐയ്ക്ക് നേരെ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് സംഭവം.

കഴിഞ്ഞ വർഷം ജനുവരിയിൽ യു.എസ് കാപ്പിറ്റോൾ ആക്രമണത്തിൽ ഇയാൾ പങ്കെടുത്തിരുന്നു. ആക്രമണത്തിന് ആഹ്വാനം കൊടുത്ത ട്രംപ് അനുകൂല സംഘടനകളുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.