chetty
പെരുമണ്ണയിലെ തൊഴിലുറപ്പ് സംഘത്തിന്റെ നേതൃത്വത്തിൽ ഓണവുമായി ബന്ധപ്പെട്ട് നടത്തിയ കൃഷിയിടത്തിൽ ചെട്ടിപ്പൂ പരിചരണത്തിലേർപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികൾ.

 പെരുമണ്ണ നിവാസികൾ ഹാപ്പി

കോഴിക്കോട്: പെരുമണ്ണ നിവാസികൾക്ക് ഇക്കുറി അത്തപ്പൂക്കളമൊരുക്കാൻ തമിഴ്നാട്ടിൽ നിന്നടക്കം വരുന്ന പൂക്കളെ ആശ്രയിക്കേണ്ട. എടോളിപ്പറമ്പ് പുതിയേടത്ത് ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം ഒരേക്കറിൽ ചെണ്ടുമല്ലിയും (ചെട്ടിപ്പൂവ്) വാടാമല്ലിയുമൊക്കെ പൂവിടുകയാണ്. ഓണവിപണി ലക്ഷ്യമിട്ടാണ് പൂക്കൃഷി.

12 സ്ത്രീകളും മൂന്ന് പുരുഷന്മാരും അടങ്ങിയ തൊഴിലുറപ്പു സംഘമാണ് ഇതിനു പിന്നിൽ. ഇവർ ആയിരം രൂപ വീതമിട്ട് മേയ് പകുതിയോടെയാണ് കൃഷിയാരംഭിച്ചത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായിക്കൂടി ഇതിനെ കണക്കാക്കിയപ്പോൾ അതുവഴിയുള്ള കൂലി വരുമാനവുമായി. പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷനും വാർഡ് മെമ്പറുമായ എ.എം. പ്രതീഷിന്റേതായിരുന്നു ആശയം.

ബംഗളൂരുവിൽ നിന്നെത്തിച്ച വിത്ത് ഉപയോഗിച്ച് നാലായിരത്തോളം തൈകൾ മുളപ്പിച്ചെടുത്താണ് നട്ടത്. ഓണത്തിന് പൂവു വേണമെന്ന് ആവശ്യപ്പെട്ടും തോട്ടം കാണാനും ഫോട്ടോ എടുക്കാനും നിരവധി പേർ എത്തുന്നുണ്ട്.

" വിഷുക്കാലത്ത് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പച്ചക്കറികൃഷി വിജയമായിരുന്നു. അത് നൽകിയ ഊർജമാണ് ഓണക്കാലം കണക്കാക്കിയുള്ള പൂക്കൃഷി.

-എം.എ. പ്രതീഷ്

ആരോഗ്യ,വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ,

പെരുമണ്ണ ഗ്രാമപഞ്ചായത്ത്