
തിരുവനന്തപുരം: എം എൽ എ കെ ടി ജലീലിന്റെ പരാമർശം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരാണെന്നും രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്ത ജലീലിന് എം എൽ എയായി തുടരാൻ സാധിക്കില്ലെന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിൽ പാക്ക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്ന് ജലീൽ സൂചിപ്പിച്ചിരുന്നു. പാകിസ്ഥാൻ അനുകൂലികളാണ് പാക്ക് അധീന കശ്മീരിനെ ഇത്തരത്തിൽ പരാമർശിക്കുന്നത്. ജലീലിന്റെ ഈ പരാമർശത്തിനെതിരെ വിവിധ ഭാഗങ്ങളിൽ നിന്ന് വലിയ പ്രതിഷേധമാണുയരുന്നത്.
പഴയ സിമി നേതാവായ ജലീലിൽ നിന്ന് ഇന്ത്യാ വിരുദ്ധ നിലപാടുകളല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇന്ത്യൻ അധിനിവേശ കശ്മീർ എന്നത് പാകിസ്ഥാന്റെ പ്രയോഗമാണെന്നും ചരിത്രത്തെ വികലമാക്കുകയാണ് ജലീൽ ചെയ്യുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
സൈന്യത്തിനെതിരെയും ജലീൽ തന്റെ പോസ്റ്റിൽ പറയുന്നുണ്ടെന്നും മുഴുവൻ കശ്മീരും ഭാരതത്തിന്റെ അവിഭാജ്യഘടകമാണെന്ന് 1994ൽ പാർലമെന്റ് പ്രമേയം പാസാക്കിയതാണെന്നും സുരേന്ദ്രൻ ചൂണ്ടികാണിച്ചു. ഭരണഘടനാ വിരുദ്ധമായ ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു.